പിന്നിട്ട വഴിയിലെ ചൂടും വെയിലും തണുപ്പും റമദാന്‍ വ്രതത്തിന്റെ അവശതകളുമൊന്നും ശിഹാബ് ചോറ്റൂരിന്റെ ലക്ഷ്യത്തെ തളര്‍ത്തുന്നില്ല.
രാജ്യങ്ങള്‍ പലതു പിന്നിട്ട്, പ്രകൃതിയുടെ പല ഭാവങ്ങള്‍ മാറിമാറി അനുഭവിച്ച്, ജനസാഗരത്തെ കണ്ട് ഒരൊറ്റ ലക്ഷ്യത്തിലേക്കുള്ള ആ യാത്ര തുടരുന്നു. കണക്കുകൂട്ടലുകളെല്ലാം ശരിയായി വന്നാല്‍, ഈ വര്‍ഷത്തെ ഹജ്ജിന് ശിഹാബ് മക്കയിലുണ്ടാകും.
ചൊവ്വാഴ്ച രാവിലെ അബ്ദലി അതിര്‍ത്തി വഴി ഇറാഖില്‍ നിന്ന് കുവൈത്തില്‍ പ്രവേശിച്ച ശിഹാബ് തന്റെ യാത്രയുടെ വലിയൊരു ഘട്ടം പിന്നിട്ടു. സാല്‍മി അതിര്‍ത്തിവഴി സൗദിയിലേക്ക് പ്രവേശിക്കലാണ് ഇനി ലക്ഷ്യം. സാല്‍മി അതിര്‍ത്തി കടക്കുന്നതോടെ സൗദിയിലെ വിശുദ്ധഗേഹത്തിലേക്കുള്ള വഴിയില്‍ ശിഹാബ് കുറെ കൂടി അടുക്കും. ഇതോടെ കാല്‍നടയാത്ര നടത്തി ഹജ്ജ് ചെയ്യുകയെന്ന സ്വപ്നം പൂവണിയുമെന്ന പ്രതീക്ഷയിലാണ് ശിഹാബ്.
ചൊവ്വാഴ്ച രാവിലെ ഒമ്ബതോടെയാണ് ഇറാഖില്‍നിന്ന് അബ്ദലി അതിര്‍ത്തിവഴി കുവൈത്തില്‍ പ്രവേശിച്ചത്. ഇറാഖില്‍നിന്ന് അറാര്‍ അതിര്‍ത്തിവഴി സൗദിയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും സാധ്യമാകാത്തതിനാല്‍ തിരിച്ച് 200 കിലോമീറ്ററോളം നടന്ന് അബ്ദലി വഴി കുവൈത്തിലെത്തുകയായിരുന്നു എന്ന് ശിഹാബ് പറഞ്ഞു. റമദാന്‍ ആയതിനാല്‍ നടക്കുന്നതില്‍ കുറവൊന്നും വരുത്തിയിട്ടില്ല. ദിവസവും പ്രഭാതത്തില്‍ അത്താഴം കഴിഞ്ഞ് നടപ്പ് ആരംഭിക്കും. നോമ്ബ് തുറക്ക് തൊട്ടുമുമ്ബ് റോഡരികില്‍ കാണുന്ന പള്ളികളിലോ കൂടാരങ്ങളിലോ എത്തും. കഴിയുമെങ്കില്‍ നോമ്ബുതുറയും വിശ്രമവും അവിടെയാക്കും. അല്ലെങ്കില്‍ പെട്രോള്‍ പമ്ബുകളില്‍ രാത്രി തങ്ങും.
എത്രയും വേഗത്തില്‍ കുവൈത്ത് അതിര്‍ത്തികടന്ന് സൗദിയിലേക്ക് പ്രവേശിക്കാനാണ് ശിഹാബിന്റെ ശ്രമം. അതിന് കുവൈത്ത് അതിര്‍ത്തിയായ അബ്ദലിയില്‍നിന്ന് സാല്‍മിവരെ 180 കിലോമീറ്ററുകളോളം മറികടക്കണം. 70ാം നമ്ബര്‍ റോഡിലൂടെയാണ് നടത്തം. മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്കടുത്ത് ചോറ്റൂരിലെ വീട്ടില്‍ നിന്ന് 2022 ജൂണ്‍ രണ്ടിന് പുലര്‍ച്ചെയാണ് ശിഹാബ് യാത്ര ആരംഭിച്ചത്. സുബ്ഹി നമസ്‌കാരത്തിനുശേഷം, പ്രാര്‍ഥന നടത്തി, ഉറ്റവരോടെല്ലാം യാത്രപറഞ്ഞ് മക്ക ലക്ഷ്യമാക്കി യാത്ര ആരംഭിക്കുകയായിരുന്നു. 8640 കിലോമീറ്റര്‍ 280 ദിവസംകൊണ്ട് നടന്നു തീര്‍ക്കലായിരുന്നു ലക്ഷ്യം.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ പിന്നിട്ട് പാകിസ്താനിലേക്ക് പ്രവേശിക്കാനുള്ള ശ്രമത്തിനിടെ വിസ ലഭ്യമാകാത്തതിനാല്‍ നാലു മാസത്തോളം അമൃത്സറിലെ സ്‌കൂളില്‍ കഴിയേണ്ടിയും വന്നു. ഇത് യാത്രയുടെ ഷെഡ്യൂളുകള്‍ തെറ്റിച്ചു. ഈ വര്‍ഷം ഫെബ്രുവരി ആദ്യത്തിലാണ് വിസ ശരിയായി പാകിസ്താനില്‍ പ്രവേശിച്ചത്. തുടര്‍ന്ന് ഇറാനില്‍ എത്തുകയും ശേഷം ഇറാഖിലേക്ക് പ്രവേശിക്കുകയുമായിരുന്നു.
ഇറാനിലെ കനത്ത മഞ്ഞ് വീഴ്ചയിലും തണുപ്പിലും പതറാതെ മുന്നോട്ട് നടന്ന ശിഹാബ് ഇറാഖിലെ ചരിത്രപ്രസിദ്ധമായ ഇടങ്ങളൊക്കെ സന്ദര്‍ശിച്ചാണ് കുവൈത്തിലെത്തിയത്. ദിവസങ്ങള്‍ക്കകം കുവൈത്തും പിന്നിടുന്നതോടെ മക്കയിലേക്ക് അടുക്കും. ഈവര്‍ഷം ഹജ്ജിനെത്തുന്ന ലക്ഷങ്ങളില്‍ ഒരാളായി മാറുന്നതോടെ വലിയൊരു ദൗത്യം പൂര്‍ത്തിയാകും.
