സംസ്ഥാനത്ത് വീണ്ടും പനി മരണം. തൃശൂരില്‍ രണ്ട് സ്ത്രീകളാണ് ഇന്ന് പനി ബാധിച്ച് മരിച്ചത്. കുര്യച്ചിറ സ്വദേശി അനീഷ സുനില്‍ (34), നാട്ടികയില്‍ ജോലി ചെയ്യുന്ന ബംഗാളി സ്വദേശി ജാസ്മിൻ ബീബി(28) മരിച്ചത്
ഇരുവരും തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. എലിപ്പനി ബാധിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.
സംസ്ഥാനത്ത് ആശങ്ക പരത്തും വിധം പനി ബാധിതരുടെ എണ്ണവും മരണസംഖ്യയും ഉയരുന്നുണ്ട്. ആറു മാസത്തിനിടെ രോഗബാധമൂലം മരിച്ചത് 27 പേരാണ്. ജൂണില്‍ മാത്രം ഒമ്ബത് പേരും. ജൂലൈ ആദ്യ ദിനം തന്നെ രണ്ട് മരണം കൂടി ആയതോടെ മരണസംഖ്യ ഉയരുകയാണ്.
മലപ്പുറം ജില്ലയില്‍ മരിച്ച രണ്ട് പേരുടെയും മരണം എലിപ്പനി മൂലമാണ് സ്ഥിരീകരിച്ചിരുന്നു. പൊന്നാനി സ്വദേശികളായ 70 കാരൻ വാസു മകൻ 44 വയസുളള സുരേഷ് എന്നിവരാണ് മരിച്ചത്. 24ാം തീയ്യതിയാണ് അച്ഛൻ വാസു മരിച്ചത്. 28ാം തീയ്യതി മകൻ സുരേഷും മരിച്ചു.
12,965 പേര്‍ക്കാണ് ഇന്നലെ മാത്രം പനി ബാധിച്ചത്. സംസ്ഥാനത്ത് മലപ്പുറം ജില്ലയിലാണ് ഏറ്റവുമധികം പനി ബാധിതര്‍ റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വൈറല്‍ പനിക്കണക്കില്‍ നേരിയ കുറവുണ്ടെങ്കിലും പനി വര്‍ധിക്കുന്ന സാഹചര്യമാണുള്ളതെന്ന് ആരോഗ്യരംഗത്തുള്ളവര്‍ പറയുന്നു.
