Type Here to Get Search Results !

സമയപരിധി കഴിഞ്ഞു; പാന്‍ ആധാറുമായി ലിങ്ക് ചെയ്യാത്തവര്‍ക്ക് എന്ത് സംഭവിക്കും, ഇനി എന്ത് ചെയ്യാനാവും? അറിയേണ്ടതെല്ലാം

പാൻ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിന് ജൂണ്‍ 30 വരെയായിരുന്നു ആദായനികുതി വകുപ്പ് സമയപരിധി നല്‍കിയത്.
അത് അവസാനിച്ചിരിക്കുകയാണ് ഇപ്പോള്‍. ഇത്തവണയും ലിങ്ക് ചെയ്യാനുള്ള സമയപരിധി നീട്ടുമെന്ന് ഭൂരിഭാഗം ആളുകളും കരുതിയിരുന്നെങ്കിലും ഇതുവരെ സര്‍ക്കാര്‍ ഒരു വിവരവും നല്‍കിയിട്ടില്ല. ജൂണ്‍ 30-നകം നിങ്ങള്‍ പാൻ ആധാറുമായി ലിങ്ക് ചെയ്‌തില്ലെങ്കില്‍, 2023 ജൂലൈ ഒന്ന് മുതല്‍ അത് പ്രവര്‍ത്തനരഹിതമാകുമെന്നാണ് ആദായനികുതി വകുപ്പ് അറിയിച്ചിട്ടുള്ളത്.

ഇതുമൂലം, പാൻ ആവശ്യമുള്ള ബാങ്കിംഗ് ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങള്‍ക്കും പ്രശ്നങ്ങള്‍ നേരിടേണ്ടിവരും. ഷെയറിലെയും മറ്റ് നിക്ഷേപ വിപണിയിലെയും ഏത് ഇടപാടിനും പാൻ ആവശ്യമായതിനാല്‍, പാനും ആധാറും ബന്ധിപ്പിക്കാൻ സെബി നിലവിലുള്ള നിക്ഷേപകരോട് നിര്‍ദേശിച്ചിരുന്നു. ആദായനികുതി നിയമത്തിലെ സെക്ഷൻ 139എഎ അനുസരിച്ച്‌, 2017 ജൂലൈ ഒന്നിന് പാൻ ഉള്ള ഏതൊരു വ്യക്തിയും ആധാറും പാനും ബന്ധിപ്പിക്കേണ്ടതുണ്ട്.

ഇവര്‍ക്ക് പാൻ-ആധാര്‍ ലിങ്ക് വേണ്ട

ചില ആളുകള്‍ക്ക് പാൻ ആധാറുമായി ബന്ധിപ്പിക്കേണ്ട ആവശ്യമില്ല.

* 80 വയസിന് മുകളിലുള്ള വ്യക്തിക്ക്.
* ആദായനികുതി നിയമപ്രകാരം പ്രവാസികള്‍ക്ക്
* ഇന്ത്യൻ പൗരനല്ലാത്ത വ്യക്തി
* അസം, ജമ്മു കശ്മീര്‍, മേഘാലയ എന്നീ സംസ്ഥാനങ്ങളില്‍ താമസിക്കുന്നവര്‍ക്ക്.

പാൻ-ആധാര്‍ ലിങ്ക് ചെയ്തില്ലെങ്കില്‍ എന്തുചെയ്യും?

* പാൻ-ആധാര്‍ ലിങ്ക് ചെയ്യാത്ത ഒരാള്‍ക്ക് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാൻ കഴിയില്ല.
* കെട്ടിക്കിടക്കുന്ന ആദായനികുതി റിട്ടേണ്‍ പ്രോസസ് ചെയ്യാനാവില്ല.
* ആദായനികുതി റീഫണ്ട് പ്രോസസ് തീര്‍പ്പുകല്‍പ്പിക്കില്ല.
* തെറ്റായ അല്ലെങ്കില്‍ പിഴവുള്ള ആദായ നികുതി റിട്ടേണുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ തുടരാൻ കഴിയില്ല.
* പാൻ പ്രവര്‍ത്തനരഹിതമായാല്‍ ബാങ്കുമായി ബന്ധപ്പെട്ട ഇടപാടുകള്‍ സാധ്യമാകില്ല. കെവൈസിക്ക് പാൻ ആവശ്യമാണ്.

പാൻ എങ്ങനെ വീണ്ടും പ്രവര്‍ത്തനക്ഷമമാക്കാം?

പാൻ പ്രവര്‍ത്തനരഹിതമായാല്‍, സെൻട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ട് ടാക്‌സസ് (CBDT) 2023 മാര്‍ച്ച്‌ 28-ലെ വിജ്ഞാപനത്തില്‍ വീണ്ടും പ്രവര്‍ത്തനക്ഷമമാക്കാൻ എന്തുചെയ്യാനാകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പാൻ വീണ്ടും പ്രവര്‍ത്തനക്ഷമമാക്കാൻ 1,000 രൂപ പിഴ നല്‍കേണ്ടതുണ്ട്. എന്നിരുന്നാലും, ഇതിന് ലിങ്ക് ചെയ്യുന്ന തീയതി മുതല്‍ 30 ദിവസമെടുക്കും. പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിന് പിഴ അടയ്‌ക്കുന്നതിന്, ആദായ നികുതി ഇ-ഫയലിംഗ് വെബ്‌സൈറ്റില്‍ അക്കൗണ്ട് ലോഗിൻ ചെയ്യേണ്ടതുണ്ട്. ലോഗിൻ ചെയ്തുകഴിഞ്ഞാല്‍, 'ലിങ്ക് പാൻ വിത്ത് ആധാര്‍' എന്ന ഓപ്ഷൻ കാണാം. ആവശ്യമായ വിശദാംശങ്ങള്‍ നല്‍കിക്കഴിഞ്ഞാല്‍, ഇ-പേ ടാക്സ് വഴി പിഴ തുക അടയ്ക്കാം