തൃശൂര്‍ കഴിഞ്ഞാല്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തൊണ്ടിവാഹനങ്ങള്‍ കെട്ടിക്കിടക്കുന്നത് മലപ്പുറത്താണ്. ലക്ഷങ്ങള്‍ വില മതിക്കുന്ന വാഹനങ്ങളടക്കം മഴയും വെയിലും കൊണ്ട് നശിക്കുന്നുണ്ട്. കാറുകള്‍, ജീപ്പ്, ബൈക്ക്, ഓട്ടോറിക്ഷ, ലോറി അടക്കമുള്ള വാഹനങ്ങള്‍ മാസങ്ങളോളം പ്രവര്‍ത്തിപ്പിക്കാതെ നിറുത്തിയിടുമ്ബോള്‍ തുരുമ്ബെടുത്ത് ദ്രവിക്കുന്നുണ്ട്. നിയമനടപടികള്‍ നീളുന്നതും തൊണ്ടി വാഹനങ്ങള്‍ ഉടമയ്ക്ക് വിട്ടുനല്‍കുന്നതിലും ലേലം ചെയ്യുന്നതിലും വരുന്ന കാലതാമസമാണ് ഇതിന് കാരണം.
മണല്‍, മണ്ണ് മാഫിയകളില്‍ നിന്ന് പിടികൂടുന്ന വാഹനങ്ങളില്‍ മിക്കതിനും ശരിയായ രേഖകള്‍ ഉണ്ടാവാറില്ല. കുറ്റകൃത്യങ്ങളിലും ലഹരി കേസുകളിലും ഉള്‍പ്പെട്ട വാഹനങ്ങളുടെ അവസ്ഥയും ഇതുതന്നെ. ഇതിനാല്‍ തന്നെ ഉടമസ്ഥര്‍ വാഹനം തേടിയെത്തില്ല. അപകട മരണങ്ങള്‍ സംഭവിച്ച കേസുകളില്‍ വാഹനങ്ങള്‍ ഉടമകള്‍ കൈയൊഴിയാറാണ് പതിവ്. വലിയ അപകടങ്ങളില്‍പ്പെട്ട വാഹനങ്ങള്‍ തിരിച്ചുകിട്ടുമ്ബോഴേക്കും മാസങ്ങളെടുക്കും. ക്രിമിനല്‍ കേസുകളില്‍ പിടിക്കപ്പെടുന്ന വാഹനങ്ങള്‍ കോടതി നടപടിക്രമങ്ങള്‍ക്ക് ശേഷമേ വിട്ടുകിട്ടൂ. അപ്പോഴേക്കും വാഹനങ്ങള്‍ തുരുമ്ബെടുത്ത് ഉപയോഗശൂന്യമായിട്ടുണ്ടാവും. ഇതോടെ ഉടമ വാഹനം ഉപേക്ഷിക്കും. ഇത്തരത്തില്‍ കെട്ടിക്കിടക്കുന്നതും ഒഴിവാക്കപ്പെടുന്നതുമായ വാഹനങ്ങള്‍ സൂക്ഷിക്കാന്‍ സ്ഥലമില്ലാത്തത് പൊലീസുകാര്‍ക്കും ദുരിതമാകുന്നുണ്ട്.
റോഡോരം തന്നെ രക്ഷ
ജില്ലയിലെ മിക്ക പൊലീസ് സ്റ്റേഷനുകളും സ്ഥല പരിമിതി മൂലം വീര്‍പ്പുമുട്ടുന്നതിനാല്‍ പിടികൂടുന്ന വാഹനങ്ങള്‍ റോഡിന്റെ വശങ്ങളില്‍ കൂട്ടിയിടാന്‍ നിര്‍ബന്ധിതമാവുകയാണ്. റോഡിനോട് ചേര്‍ന്ന് കൂട്ടിയിടുന്ന വാഹനങ്ങള്‍ കാല്‍നട യാത്രക്കാര്‍ക്ക് ഭീഷണിയാണ്. തൊണ്ടിവാഹനങ്ങള്‍ നിറുത്തിയിടാന്‍ സ്ഥലം കണ്ടെത്തുന്നത് പൊലീസുകാര്‍ക്ക് വലിയ തലവേദനയാണ്. വീടുകള്‍ക്ക് സമീപം നിറുത്തുന്ന വാഹനങ്ങള്‍ മാസങ്ങളോളം അവിടെ തന്നെ കെട്ടിക്കിടക്കുമെന്നതിനാല്‍ പ്രതിഷേധത്തിനും കാരണമാകുന്നുണ്ട്. വാഹനങ്ങള്‍ കാടുകയറി ഇഴജന്തുക്കളുടെയും തെരുവ് നായകളുടെയും വിഹാര കേന്ദ്രമായി മാറുന്നുണ്ട്. മണല്‍ വാഹനങ്ങള്‍ പിടികൂടുന്നത് വര്‍ദ്ധിക്കുകയും വലിയ തോതില്‍ ഇവ കെട്ടിക്കിടന്ന് നശിക്കുകയും ചെയ്തതോടെ അടുത്തിടെ ചില സ്റ്റേഷനുകളിലെ വാഹനങ്ങള്‍ ലേലം ചെയ്തിരുന്നു. മറ്റിടങ്ങളിലെ ലേല നടപടികള്‍ നീണ്ടുപോയി.
