രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ മൂന്നാമത്തെ ബലാത്സംഗ പരാതിയില്‍ ക്രൂരതകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
ഹോട്ടല്‍ മുറിയില്‍ ക്രൂരമായ ബലാത്സംഗത്തിനാണ് ഇരയായതെന്നും രാഹുല്‍ മുഖത്തടിച്ചെന്നും മുഖത്ത് തുപ്പിയെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. ഗർഭിണിയായപ്പോള്‍, അത് മറ്റാരുടെയെങ്കിലും കുഞ്ഞായിരിക്കുമെന്ന് പറഞ്ഞ് അധിക്ഷേപിച്ചെന്നും ഇതോടെ താൻ ഭ്രൂണത്തിന്റെ ഡിഎൻഎ പരിശോധനയ്ക്ക് ഒരുങ്ങിയെന്നും യുവതി വ്യക്തമാക്കി.
ലാബ് ജീവനക്കാർ സാമ്ബിള്‍ ആവശ്യപ്പെട്ടെങ്കിലും ഡിഎൻഎ പരിശോധനയോട് രാഹുല്‍ സഹകരിച്ചില്ലെന്നും യുവതി വീഡിയോ കോണ്‍ഫറസില്‍ മൊഴി നല്‍കി. തെളിവുകള്‍ പക്കല്‍ ഉണ്ടെന്നും പൊലീസിന് കൈമാറാൻ ഒരുക്കമെന്നും പരാതിക്കാരി പറഞ്ഞു. നിലവില്‍ കേരളത്തിന് പുറത്തുള്ള യുവതി ഇന്ന് രാത്രിയോടെ നാട്ടിലെത്തും. എത്തിയാലുടനെ രഹസ്യമൊഴി രേഖപ്പെടുത്തും. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തായിരുന്നു പീഡനം.
വിവാഹബന്ധത്തില്‍ പ്രശ്നങ്ങള്‍ നേരിടുന്ന സമയത്താണ് രാഹുലിനെ പരിചയപ്പെടുന്നത്. സമൂഹമാധ്യമം വഴിയാണ് പരിചയപ്പെട്ടത്. പ്രണയബന്ധം സ്ഥാപിക്കുകയും വിവാഹബന്ധം വേർപ്പെടുത്താൻ ആവശ്യപ്പെടുകയും ചെയ്തു. തന്നെ വിവാഹം കഴിക്കാമെന്ന് രാഹുല്‍ വാഗ്ദാനം നല്‍കി. തന്നെ വിട്ടുപോകാതിരിക്കാൻ ഒരു കുഞ്ഞ് വേണം എന്ന് രാഹുല്‍ നിർബന്ധിച്ചു. ഒരു കുഞ്ഞുണ്ടായാല്‍ വീട്ടില്‍ വിവാഹത്തിന് വളരെ വേഗം സമ്മതിക്കുമെന്നും രാഹുല്‍ പറഞ്ഞു.
നേരില്‍ കാണാൻ രാഹുല്‍ ആഗ്രഹം പ്രകടിപ്പിച്ചു. റെസ്റ്റോറന്റില്‍ കാണാം എന്ന് പറഞ്ഞപ്പോള്‍ വരാൻ വൈകും എന്നായിരുന്നു മറുപടി. പൊതുപ്രവർത്തകൻ ആയതിനാലും പാർലമെന്റ് ഇലക്ഷൻ സമയം ആയതിനാലും പൊതുവിടത്തില്‍ കാണാൻ ആകില്ലെന്ന് രാഹുല്‍ പറഞ്ഞു. ഒരു ഹോട്ടലിന്റെ പേര് നിർദേശിച്ച് അവിടെ റൂം ബുക്ക് ചെയ്യാൻ പറഞ്ഞു. പറഞ്ഞത് അനുസരിച്ച് റൂം ബുക്ക് ചെയ്ത് കാത്തിരുന്നു.
റൂമില്‍ എത്തിയപാടെ ഒരു വാക്ക് പോലും പറയുംമുമ്ബേ തന്നെ കടന്നാക്രമിച്ചു. ക്രൂരമായ ലൈംഗികാക്രമണമാണ് നേരിടേണ്ടി വന്നത്. മുഖത്ത് അടിക്കുകയും മുഖത്ത് തുപ്പുകയും ദേഹത്ത് പലയിടത്തും മുറിവുണ്ടാവുകയും ചെയ്തു. ഓവുലേഷൻ ഡേറ്റ് ആണെന്ന് പറഞ്ഞിട്ടും കുഞ്ഞുണ്ടാകട്ടെ എന്ന് പറഞ്ഞ് ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ടു. ഇതിനു ശേഷം വീണ്ടും തന്നെ കാണണം എന്ന് ആവശ്യപ്പെട്ടെങ്കിലും പോയില്ല.
ഗർഭിണിയാണെന്ന വിവരം അറിയിച്ചപ്പോള്‍ അസഭ്യം പറയുകയും അധിക്ഷേപിക്കുകയും ചെയ്തു. മറ്റ് ആരുടെയെങ്കിലും കുഞ്ഞാകും എന്ന് പറഞ്ഞും അധിക്ഷേപിച്ചു. അതില്‍ മനംനൊന്താണ് ഡിഎൻഎ പരിശോധനയ്ക്ക് പോയത്. രാഹുലിന്റെ ഭാഗത്തുനിന്ന് ഗർഭഛിദ്രത്തിനുള്ള കടുത്ത സമ്മർദം ഉണ്ടായി. സ്ലട്ട് ഷേമിങ്ങും ഭീഷണികളും കടുത്ത ശാരീരിക- മാനസിക സമർദത്തില്‍ ആക്കി.
തുടർന്ന് അബോർഷൻ വിവരം പറയാൻ വിളിച്ചപ്പോള്‍ ഫോണില്‍ ബ്ലോക്ക് ചെയ്തു. ഇ-മെയില്‍ വഴി വിവരം അറിയിച്ചെങ്കിലും മറുപടി ഉണ്ടായില്ല. ഈ അബോർഷനെ തുടർന്ന് കടുത്ത ശാരീരിക- മനസിക പ്രശ്നങ്ങള്‍ ഇപ്പോഴും അനുഭവിക്കുന്നു. രാഹുലിന്റെ സുഹൃത്തും സഹായിയുമായ ഫെനി നൈനാനെ വിവരം അറിയിച്ചു.
പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്ത് ഒന്നും സംഭവിക്കാത്ത പോലെ വീണ്ടും തന്നെ വിളിച്ചു. തകർന്നിരുന്ന തന്നോട് വീണ്ടും അടുപ്പത്തിന് ശ്രമിച്ചു. ഭാവിയില്‍ ഒരുമിച്ച് ജീവിക്കാം എന്നും വാഗ്ദാനം നല്‍കി. പാലക്കാട് ഒരു ഫ്ലാറ്റ് വാങ്ങി തരണമെന്നും ഒരുമിച്ച് അവിടെ വിവാഹം കഴിച്ചു ജീവിക്കാമെന്നും പറഞ്ഞു. ഫ്ലാറ്റ് വാങ്ങാനായി താനും രാഹുലും ബില്‍ടെക് ഗ്രൂപ്പിനെ സമീപിച്ചു. ഫ്ലാറ്റ് വാങ്ങല്‍ നടന്നില്ലെങ്കിലും പലപ്പോഴായി രാഹുല്‍ തന്നില്‍ നിന്നും സാമ്ബത്തികസഹായം കൈപ്പറ്റി.
വില കൂടിയ വാച്ചുകളും വസ്ത്രങ്ങളും ചെരിപ്പുകളും സൗന്ദര്യ വർധക വസ്തുക്കളും വാങ്ങി നല്‍കി. ഇതില്‍ ചെരിപ്പിന് മാത്രം 10,000 രൂപ വിലവരും. രാഹുലിനെതിരെ ലൈംഗികാതിക്രമ പരാതികള്‍ ഉയർന്നപ്പോള്‍ അതില്‍ വസ്തുതയുണ്ടെന്ന് മനസിലാക്കി. പരാതിയുമായി താനും മുന്നോട്ട് പോകുമെന്ന് മനസിലാക്കിയ രാഹുല്‍ ഭീഷണിപ്പെടുത്തി. തന്റെ കുടുംബത്തെ ഇല്ലാതാക്കുമെന്നു പറഞ്ഞു. സഹോദരിയെയും അച്ഛനെയും അമ്മയെയും അപായപ്പെടുത്തുമെന്നും ഭീഷണി മുഴക്കിയതായും യുവതി പൊലീസിന് മൊഴി നല്‍കി.
