ഭര്‍ത്താവിന്റെ സഹോദരൻ തീ കൊളുത്തിയ സംഭവത്തില്‍ യുവതി മരിച്ചു. കണ്ണൂര്‍ പാട്യം പത്താക്കുന്നിലെ സുബിനയാണ് മരിച്ചത്.
ഇവരുടെ ഭര്‍ത്താവ് രജീഷിനും പൊള്ളലേറ്റിരുന്നു. രജീഷ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുന്നു. കുടുംബാംഗങ്ങളെ തീ കൊളുത്തിയതിനു പിന്നാലെ രജീഷിന്റെ സഹോദരൻ രഞ്ജിത്ത് (47) ജീവനൊടുക്കി.
ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് നടുക്കുന്ന സംഭവങ്ങള്‍. വീട്ടിലെത്തിയ രഞ്ജിത്ത് മണ്ണെണ്ണ ഒഴിച്ച് രജീഷിനേയും സുബിനയേയും തീ കൊളുത്തുകയായിരുന്നു. രജീഷും സുബിനയും ഇവരുടെ മകനും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ആക്രമണം. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രജീഷിന്റെ മകനും പൊള്ളലേറ്റു. സംഭവം നടക്കുമ്ബോള്‍ ഇവരുടെ അമ്മ നളിനിയും വീട്ടിലുണ്ടായിരുന്നു.
ആക്രമണം നടത്തിയ ശേഷം രഞ്ജിത്തിനെ കാണാതായിരുന്നു. പിന്നാലെ കിടപ്പു മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
പൊള്ളലേറ്റ രജീഷിനേയും മകനേയും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. വീട്ടില്‍ സഹോദരങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നു നാട്ടുകാര്‍ വ്യക്തമാക്കി.
