Type Here to Get Search Results !

ഇക്കിളി ഇട്ടതിന് സഹപാഠികള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ മൂക്ക് ഇടിച്ച്‌ തകര്‍ത്തു

ഇക്കിളി ഇട്ടതിനെ ചൊല്ലിയുണ്ടായ തർക്കത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സഹപാഠികള്‍ ചേർന്ന് മർദിച്ചു.പത്തനംതിട്ട കലഞ്ഞൂർ ഗവണ്‍മെന്റ് ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വണ്‍ കൊമേഴ്സ് ക്ലാസ്സിലാണ് സംഭവം. മർദനത്തില്‍ ഗുരുതരമായി പരിക്കേറ്റ കലഞ്ഞൂർ മാങ്കോട് സ്വദേശി ആല്‍ബിനെ (16) അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച രാവിലെ ആദ്യ ഇന്റർവെല്‍ കഴിഞ്ഞ് കുട്ടികള്‍ ക്ലാസ്സിലെത്തിയപ്പോഴാണ് തമാശയ്ക്ക് തുടങ്ങിയ കളി സംഘർഷത്തില്‍ കലാശിച്ചത്. ആല്‍ബിൻ സഹപാഠിയെ ഇക്കിളിയിട്ടതിനെച്ചൊല്ലി ഇരുവരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ മറ്റ് രണ്ട് വിദ്യാര്‍ഥികള്‍ കൂടി ചേരുകയും ആല്‍ബിനെ ക്രൂരമായി മർദിക്കുകയുമായിരുന്നു. തലയ്ക്കും മൂക്കിനുമാണ് പ്രധാനമായും ഇടിയേറ്റത്.

ആക്രമണത്തില്‍ ആല്‍ബിന്റെ മൂക്കിന്റെ പാലം രണ്ട് ഭാഗത്തായി ഒടിഞ്ഞു. കണ്ണിന് സമീപത്തെ അസ്ഥിക്ക് പൊട്ടലും ശരീരമാസകലം ചതവുകളുമുണ്ട്. മൂക്കില്‍ നിന്ന് രക്തസ്രാവം നിലയ്ക്കാത്ത അവസ്ഥയിലാണ്. വലിയ രീതിയില്‍ നീരുള്ളതിനാല്‍ മൂന്ന് ദിവസം കഴിഞ്ഞ് മാത്രമേ ശസ്ത്രക്രിയ നടത്താൻ സാധിക്കൂ എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആല്‍ബിന്റെ രക്ഷിതാക്കളുടെ പരാതിയെത്തുടർന്ന് കൂടല്‍ പോലീസ് ആശുപത്രിയിലെത്തി വിദ്യാര്‍ഥിയുടെ മൊഴിയെടുത്തു. സംഭവത്തില്‍ മറ്റ് കുട്ടികള്‍ക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.