സ്കൂള്‍ വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ലഹരിവില്‍പന നടത്തിവന്ന നാലംഗ സംഘത്തെ പോലീസ് പിടികൂടി.എരഞ്ഞിപ്പാലം മിനി ബൈപ്പാസിന് സമീപത്തെ സ്വകാര്യ ലോഡ്ജില്‍ ലഹരിമരുന്ന് പാക്കറ്റുകളിലാക്കുന്നതിനിടെയാണ് 26 ഗ്രാം എംഡിഎംഎയുമായി പ്രതികള്‍ പിടിയിലായത്. ഭട്ട്റോഡ് സ്വദേശിയായ റോബർട്ട് ജയിംസ്, നടുവണ്ണൂർ സ്വദേശി മുഹമ്മദ് റിസ്വാൻ, കല്ലായി സ്വദേശി ഷഹറീഷ്, പയ്യാനക്കല്‍ സ്വദേശി ഫിനാൻ നാസിം എന്നിവരാണ് പിടിയിലായത്. ഇതില്‍ റോബർട്ട് ജയിംസ് നിരവധി മോഷണ-ലഹരിമരുന്ന് കേസുകളില്‍ പ്രതിയാണ്. മുഹമ്മദ് റിസ്വാൻ 2025-ല്‍ 70 ഗ്രാം എംഡിഎംഎയുമായി പേരാമ്പ്രയില്‍ പിടിയിലായ ശേഷം ജാമ്യത്തില്‍ ഇറങ്ങിയ ആളാണ്. ഷഹറീഷ് ലഹരിക്കേസില്‍ ദുബായില്‍ 17 മാസം ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്.
സിറ്റി നർകോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മിഷണർ കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും നടക്കാവ് പൊലീസും സംയുക്തമായാണ് ഈ നാടകീയമായ അറസ്റ്റ് നടത്തിയത്. പോലീസ് എത്തുമ്പോള്‍ പ്രതികള്‍ ലഹരിമരുന്ന് ചെറിയ പാക്കറ്റുകളില്‍ നിറയ്ക്കുന്ന തിരക്കിലായിരുന്നു. റോബർട്ടും റിസ്വാനുമാണ് നഗരത്തിലെ ലഹരി ശൃംഖലയിലെ പ്രധാനികളെന്നും ഇവർ ഏറെ നാളായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം 42 കിലോ കഞ്ചാവുമായി ജംഷീർ എന്ന യുവാവിനെ പിടികൂടിയതിന് പിന്നാലെയാണ് ഈ എംഡിഎംഎ സംഘവും പിടിയിലാകുന്നത്. സ്കൂളുകള്‍ കേന്ദ്രീകരിച്ച് ലഹരിമരുന്ന് എത്തുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് നഗരത്തില്‍ പരിശോധന പോലീസ് ശക്തമാക്കിയിട്ടുണ്ട്.