Type Here to Get Search Results !

ബാങ്ക് തകര്‍ന്നു: ലോക്കറില്‍ കോടികളുടെ സ്വര്‍ണം; 1.5 കോടിയുടെ നോട്ടുകെട്ടുകള്‍, എല്ലാം വീണ്ടെടുത്ത് നേപ്പാള്‍ പൊലീസ്‌ ; മിന്നല്‍ പ്രളയത്തിലും ഉരുള്‍പൊട്ടലിലും മരിച്ചവരുടെ എണ്ണം 903 ആയി.

പ്രളയത്തില്‍ തകർന്ന നേപ്പാളിലെ കാർഷിക വികസന ബാങ്കില്‍ നിന്ന് കോടികളുടെ പണവും സ്വർണവും പ്രധാന രേഖകളും വീണ്ടെടുത്ത് നേപ്പാള്‍ പൊലീസ്.
ഏകദേശം എട്ട് മണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിലാണ് നുവാകോട്ട് ജില്ലയിലെ തൃശൂലി ധുങ്കെയിലുള്ള കാർഷിക വികസന ബാങ്കിന്റെ ശാഖയില്‍നിന്നും വിലപിടിപ്പുള്ള വസ്തുക്കള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. ഏകദേശം 1.5 കോടി നേപ്പാള്‍ രൂപ പണമായും 50 കോടി നേപ്പാള്‍ രൂപയോളം വിലമതിക്കുന്ന സ്വർണശേഖരവും ബാങ്കിന്റെ ലോക്കറുകളില്‍ ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. പണത്തിനും സ്വർണത്തിനും പുറമെ ബാങ്കിന്റെ രഹസ്യസ്വഭാവമുള്ള രേഖകളും പൊലീസ് സുരക്ഷിതമായി വീണ്ടെടുത്തു.

പ്രളയജലം കുത്തിയൊഴുകിയ സാഹചര്യത്തിലും ബാങ്കിനുള്ളില്‍ പ്രവേശിച്ച്‌ പൊലീസ് വിലപിടിപ്പുള്ള വസ്തുക്കള്‍ പുറത്തെടുക്കുകയായിരുന്നു. തുടർന്ന് ഇവയെല്ലാം ഉയർന്ന സുരക്ഷയുള്ള മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റി. സംഭവത്തിന്റെ വിശദാംശങ്ങളും രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങളും നേപ്പാള്‍ പൊലീസ് എക്സില്‍ പങ്കുവച്ചു. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് പൊലീസിന്റെ നടപടിയെ പ്രശംസിച്ച്‌ രംഗത്തെത്തിയത്.


അതേസമയം, നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തിലും ഉരുള്‍പൊട്ടലിലും മരിച്ചവരുടെ എണ്ണം 903 ആയി. കാണാതായവരുടെ എണ്ണം 4,247 ആയതായും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. രക്ഷാപ്രവർത്തനം ആറാം ദിവസത്തിലേക്ക് കടക്കുകയാണ്. ഇപ്പോഴും പലയിടങ്ങളിലും തെരച്ചില്‍ തുടരുകയാണ്. കാണാതായ മലയാളികളെക്കുറിച്ച്‌ ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. 85 പൗരന്മാരെ കാണാതായതായി യുഎസും വ്യക്തമാക്കിയിട്ടുണ്ട്.

പ്രളയത്തില്‍ മരിച്ചവരില്‍ തിരിച്ചറിയാൻ കഴിയാത്തവരുടെ മൃതദേഹങ്ങള്‍ കൂട്ടമായി സംസ്‌കരിക്കാൻ തുടങ്ങി. നേപ്പാളിലെ ചിത്വൻ ജില്ലയിലാണ് നൂറുകണക്കിന് മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിനായി താല്‍ക്കാലിക കുഴിമാടങ്ങള്‍ ഒരുക്കിയിരിക്കുന്നത്. പ്രളയത്തില്‍ ഒഴുകിപ്പോയ മൃതദേഹങ്ങളില്‍ പലതും അഴുകിത്തുടങ്ങിയതിനാല്‍ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ്. ഇതോടെ പൊതുജനാരോഗ്യത്തിന് ഭീഷണിയുണ്ടാകുമെന്ന ആശങ്കയെ തുടർന്ന് മൃതദേഹങ്ങള്‍ കൂട്ടമായി സംസ്‌കരിക്കാൻ അധികൃതർ തീരുമാനമെടുത്തു.