Type Here to Get Search Results !

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കട്ടിലില്‍ നിന്ന് വീണ രോഗി മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്.


തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കട്ടിലില്‍ നിന്ന് വീണ രോഗി മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കട്ടിലില്‍ നിന്ന് വീണ് പരിക്കേറ്റത്. സേഫ്റ്റി റെയിലുള്ള കട്ടില്‍ നല്‍കിയില്ലെന്നും തുടര്‍ചികിത്സയില്‍ അനാസ്ഥയെന്നും ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ അനാസ്ഥയുണ്ടായിട്ടില്ലെന്നും സേഫ്റ്റിറയിലുള്ള കട്ടില്‍ ഒഴിവുണ്ടായിരുന്നില്ലെന്നും ആശുപത്രി സൂപ്രണ്ട് വിശദീകരണം നല്‍കിയിരുന്നു. മരണകാരണം കണ്ടെത്താൻ പോസ്മോർട്ടം നടത്തുകയാണ്. മൂന്ന് മാസം മുൻപ് മെഡിക്കല്‍ കോളേജില്‍ കട്ടില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സിയിലിരിക്കെ രോഗിക്ക് മരണം സംഭവിച്ചിരുന്നു.

ചടയമംഗലം സ്വദേശിയായ 87 വയസ്സുള്ള സുകുമാര പിള്ളയാണ് മരിച്ചത്. പക്ഷാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുകുമാരപിള്ള ശനിയാഴ്ചയാണ് കട്ടില്‍ നിന്ന് വീണത്. എന്നാല്‍ ആരോപണം ആശുപത്രി സൂപ്രണ്ട് നിഷേധിച്ചു. സേഫ്റ്റി റയിലുള്ള എല്ലാ കട്ടിലിലും രോഗികള്‍ ഉണ്ടായിരുന്നു. അതിനാല്‍ സുകുമാര പിള്ളയ്ക്കൊപ്പം രണ്ടു കൂട്ടിരിപ്പുകാരെ അനുവദിച്ചു.


ഒരാള്‍ ഒപ്പമുണ്ടായിരുന്ന സമയത്താണ് സുകുമാര പിള്ള കട്ടിലില്‍ നിന്ന് വീണത്. പോസ്റ്റ്മോര്‍ട്ടം വേണ്ടെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍ പൊലീസ് എൻഒസി നല്‍കാതെ പോസ്റ്റ്മോര്‍ട്ടം ഒഴിവാക്കാനാവില്ലെന്ന് മറുപടി നല്‍കി. ഇതിന് പിന്നാലെയാണ് ബന്ധുക്കള്‍ ആരോപണം ഉന്നയിക്കുന്നതെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർ‌ട്ടിന്റെ അടിസ്ഥാനത്തില്‍ തു‌ടർനടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.