രാജ്യത്തെ ചില്ലറവ്യാപാര മേഖലയിലെ വിലക്കയറ്റം ജനുവരിയിൽ 6.52 ശതമാനമായി ഉയർന്നു. ഡിസംബറിൽ 5.72 ശതമാനമായിരുന്നു. റിസർവ് ബാങ്ക് പ്രതീക്ഷിച്ച ആറ് ശതമാനത്തിലും കൂടുതലാണ് വർധന. ഗ്രാമങ്ങളിൽ വിലക്കയറ്റം 6.85 ശതമാനവും നഗരങ്ങളിൽ 6 ശതമാനവുമാണ്.
കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഇതിനേക്കാൾ കൂടുതൽ വർധനയുണ്ടായത്. 6.77 ശതമാനമായിരുന്നു വിലക്കയറ്റം. ഭക്ഷ്യസാധനങ്ങൾക്കുണ്ടായ വിലക്കയറ്റമാണ് ചില്ലറവ്യാപാര മേഖലയെ ബാധിച്ചത്. ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം ജനുവരിയിൽ 5.94 ശതമാനമാണ്. ഡിസംബറിൽ 4.19 ശതമാനമായിരുന്നു.
ധാന്യങ്ങൾക്ക് 16.12 ശതമാനവും മുട്ടയ്ക്ക് 8.78 ശതമാനവും പാലിന് 8.79 ശതമാനവും വില വർധിച്ചു. എന്നാൽ പച്ചക്കറിക്ക് 11.7 ശതമാനം ഇടിവുണ്ടായി. കഴിഞ്ഞയാഴ്ച റിസർവ് ബാങ്ക് റിപോ നിരക്ക് വർധിപ്പിച്ചിരുന്നു.
ചില്ലറ വ്യാപാര മേഖലയിലെ വിലവർധന 4 ശതമാനത്തിൽ നിലനിർത്തണമെന്ന് റിസർവ് ബാങ്കിന് കേന്ദ്ര സർക്കാർ നിർദേശം നൽകിയിരുന്നു.
