Type Here to Get Search Results !

അനധികൃത കുഴല്‍ക്കിണര്‍ നിര്‍മ്മാണ ഏജന്‍സികള്‍ മലപ്പുറം ജില്ലയില്‍ പിടിമുറുക്കുന്നു


മലപ്പുറം: വേനല്‍ കടുക്കും മുമ്ബേ തന്നെ കുടിവെള്ള ക്ഷാമം നേരിടുന്നത് അവസരമാക്കി അനധികൃത കുഴല്‍ക്കിണര്‍ നിര്‍മ്മാണ ഏജന്‍സികള്‍ ജില്ലയില്‍ പിടിമുറുക്കുമ്ബോഴും അനങ്ങാതെ അധികൃതര്‍.
ജില്ലയില്‍ ആകെ 60ഓളം സ്വകാര്യ റിഗ്ഗുകള്‍ക്കേ ഭൂജല വകുപ്പിന്റെ ലൈസന്‍സുള്ളൂ. ഒരു ഡ്രില്ലിംഗ് ഏജന്‍സിക്ക് പരമാവധി മൂന്ന് റിഗ്ഗുകള്‍ വരെ ഭൂജലവകുപ്പില്‍ രജിസ്റ്റര്‍ ചെയ്യാം.

ഈ അനുമതിയുടെ മറവില്‍ തമിഴ്‌നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ റിഗ്ഗുകളെത്തിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. വരള്‍ച്ചാഭീഷണി നേരിടുന്ന നോട്ടിഫൈഡ് ബ്ലോക്കുകളില്‍ പോലും അനധികൃത കുഴല്‍ക്കിണര്‍ നിര്‍മ്മാണം നടക്കുന്നുണ്ട്. ലൈസന്‍സ് ഇല്ലാത്ത അനധികൃത റിഗ്ഗുകള്‍ പിടികൂടിയാല്‍ ഒരുലക്ഷം രൂപ പിഴ ഈടാക്കാമെന്ന് കാണിച്ച്‌ കഴിഞ്ഞ ദിവസം ഭൂഗര്‍ഭജല വകുപ്പ് ഉത്തരവ് ഇറക്കിയിട്ടുണ്ട്.

നേരത്തെ 25,000 രൂപയായിരുന്നു പിഴ. ഏജന്‍സികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാം. ഏജന്‍സി രജിസ്‌ട്രേഷന് 50,000 രൂപയും ഒന്നില്‍ കൂടുതല്‍ റിഗ്ഗുകള്‍ ഉപയോഗിക്കുന്നതിന് 10,000 രൂപയും രജിസ്‌ട്രേഷന്‍ ഫീയായി നല്‍കണം. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന കര്‍ശന നിബന്ധനയോടെയാണ് ലൈസന്‍സ് അനുവദിക്കുന്നത്.

ഭൂജല വകുപ്പിന്റെ കണക്കുപ്രകാരം സംസ്ഥാനത്ത് കാസര്‍കോട് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കുഴല്‍ക്കിണറുകള്‍ നിര്‍മ്മിക്കുന്നത് മലപ്പുറം ജില്ലയിലാണ്. ജില്ലാ ഭൂജല വകുപ്പിന്റെ ജലലഭ്യതാ സര്‍ട്ടിഫിക്കറ്റും എതിര്‍പ്പില്ലാ രേഖയും ലഭിച്ചാലേ കുഴല്‍ക്കിണര്‍ നിര്‍മ്മിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് അനുമതി ലഭിക്കൂ. വരള്‍ച്ച രൂക്ഷമായ പ്രദേശങ്ങളിലും പൊതുജല സ്രോതസുകള്‍ക്ക് സമീപവും കുഴല്‍ക്കിണര്‍ കുഴിക്കാന്‍ പാടില്ല. കുഴിക്കുന്ന കിണറിന്റെ കണക്കുകള്‍ മൂന്ന് മാസം കൂടുമ്ബോള്‍ ജലവകുപ്പിന് കൈമാറണമെന്ന നിര്‍ദ്ദേശവും റിഗ്ഗ് ഏജന്‍സികള്‍ പാലിക്കുന്നില്ല.