രാജ്യത്തെ ഏറ്റവും വലിയ റംസാന്‍ പ്രാര്‍ത്ഥനാസംഗമത്തിനൊരുങ്ങി മലപ്പുറം; ആയിരം മാസങ്ങളുടെ പുണ്യംതേടി വിശ്വാസികള്‍ സംഗമിക്കുന്ന മലപ്പുറം ജില്ലയിലെ സ്വലാത്ത് നഗറില്‍ 17 ന് നടക്കും; മക്ക, മദീന എന്നിവയ്ക്കുശേഷം ഏറ്റവും കൂടുതല്‍ പേര്‍ ഭാഗമാകുന്ന സംഗമമെന്ന് സംഘാടകര്‍
തിരുവനന്തപുരം: ആയിരം മാസങ്ങളുടെ പുണ്യംതേടി വിശ്വാസികള്‍ സംഗമിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ റംസാന്‍ പ്രാര്‍ത്ഥനാസംഗമം 17-ന് മലപ്പുറം ജില്ലയിലെ സ്വലാത്ത് നഗറില്‍ നടക്കും. റംസാന്‍ 27-ാം രാവിലാണ് ആത്മീയക്കൂട്ടായ്മ. മലപ്പുറം സ്വലാത്ത് നഗറിലെ മഅ്ദിന്‍ അക്കാദമിയാണ് ആത്മീയ സംഗമം സംഘടിപ്പിക്കുന്നത്. മക്ക, മദീന എന്നിവയ്ക്കുശേഷം ഈ രാത്രിയില്‍ ഏറ്റവുമധികം വിശ്വാസികള്‍ ഒരുമിച്ചുകൂടുന്ന പ്രാര്‍ത്ഥനാവേദികൂടിയാണിത്.
സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ ലഹരിവിപത്തിനെതിരേ ഒന്നിച്ച് പ്രതിജ്ഞയെടുക്കും. 50 ലക്ഷം ആളുകളിലേക്ക് ലഹരിവിരുദ്ധ സന്ദേശമെത്തിക്കുന്നതിന്റെ ഉദ്ഘാടനവും ചടങ്ങില്‍ നടക്കും.
മഅ്ദിന്‍ കാമ്ബസില്‍ എല്ലാമാസവും സംഘടിപ്പിക്കുന്ന സ്വലാത്ത് പ്രാര്‍ത്ഥനാസംഗമത്തിന്റെ വാര്‍ഷികവേദിയാണ് റംസാന്‍ പ്രാര്‍ത്ഥനാസമ്മേളനം. റംസാന്‍ ഒന്നുമുതല്‍ വിവിധ ആത്മീയവൈജ്ഞാനിക സംഗമങ്ങളുമായി മഅ്ദിന്‍ റംസാന്‍ കാമ്ബയിന്‍ ആരംഭിച്ചിരുന്നു. ഒരുമാസം നീണ്ടുനില്‍ക്കുന്ന പരിപാടികളില്‍ ആത്മീയവേദികള്‍, വൈജ്ഞാനിക സദസ്സുകള്‍, റിലീഫ്, പഠന ക്യാമ്ബുകള്‍, ഇഫ്താര്‍ സംഗമങ്ങള്‍, ഓണ്‍ലൈന്‍ സെഷനുകള്‍, അനുസ്മരണവേദികള്‍ എന്നിവ നടക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വിശ്വാസികള്‍ പ്രാര്‍ത്ഥനാസമ്മേളനത്തില്‍ സംഗമിക്കാനെത്തും.
സമസ്ത പ്രസിഡന്റ് ഇ.സുലൈമാന്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി സന്ദേശം നല്‍കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തും. സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി എന്നിവര്‍ പ്രഭാഷണം നടത്തും.
സമ്മേളനത്തിനെത്തുന്നവര്‍ക്ക് സ്വലാത്ത് നഗറില്‍ സമൂഹ ഇഫ്താര്‍ ഒരുക്കും. രാജ്യത്തുതന്നെ ഏറ്റവുമധികം പേര്‍ ഒരുമിക്കുന്ന നോമ്ബു തുറയായിരിക്കുമിത്. രാത്രി ഒമ്ബതിന് മുഖ്യവേദിയില്‍ പ്രാര്‍ത്ഥനാസമ്മേളനത്തിന്റെ പ്രധാന ചടങ്ങുകള്‍ ആരംഭിക്കും. അടിയന്തരാവശ്യങ്ങള്‍ക്ക് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഇന്റന്‍സീവ് കെയര്‍ യൂണിറ്റ് നഗരിയില്‍ ക്യാമ്ബ് ചെയ്യും. കൂടാതെ ഫയര്‍ഫോഴ്സിന്റെയും 5555 അംഗ വൊളന്റിയര്‍ കോറിന്റെയും സേവനവുമുണ്ടാകും. വിവരങ്ങള്‍ക്ക് പ്രത്യേക ഹെല്‍പ് ലൈന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഫോണ്‍: 9645338343, 9633677722.
സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, എ.സൈഫുദ്ദീന്‍ ഹാജി, സിദ്ദീഖ് സഖാഫി നേമം, സൈനുദ്ദീന്‍ നിസാമി, കുന്ദമംഗലം, ഖാലിദ് സഖാഫി തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
