Type Here to Get Search Results !

ഇറാന്‍ പിടിച്ചെടുത്ത എണ്ണക്കപ്പലില്‍ മൂന്ന് മലയാളികള്‍ കൂടി; സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ തേടി കുടുംബങ്ങള്‍


ന്യൂഡല്‍ഹി: ഇറാന്‍ നാവികസേന പിടിച്ചെടുത്ത എണ്ണക്കപ്പലില്‍ മൂന്ന് മലയാളികള്‍ കൂടിയുണ്ടെന്ന് വിവരം. മലപ്പുറം കോട്ടേപ്പാടം സ്വദേശി സാം സോമന്‍, എറണാകുളം കടവന്ത്ര സ്വദേശികളായ ജിബിന്‍ ജോസ്, ജിസ് മോന്‍ എന്നിവരാണ് കപ്പലിലുള്ളതായി വിവരം ലഭിച്ചത്.
കപ്പലിലെ ഫോര്‍ത്ത് ഓഫീസറാണ് ജിസ്‌മോന്‍. എറണാകുളം കൂനമ്മാവ് സ്വദേശി എഡ്വിന്‍ കപ്പലിലുണ്ടെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നു.

കപ്പലില്‍ അകപ്പെട്ടവരുടെ മോചനത്തിനായി സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കുടുംബങ്ങള്‍ രംഗത്തെത്തി. നാല് മണിക്കൂര്‍ ഇടവിട്ട് കമ്ബനിയുടെ മുംബൈ ഓഫീസില്‍ നിന്നും ബന്ധപ്പെടുന്നുണ്ടെന്നാണ് വിവരം. ജിസ്‌മോന്‍ വ്യാഴാഴ്ച രാവിലെ കുടുംബത്തെ വിളിച്ചിരുന്നു. എംബസിയുമായി ബന്ധപ്പെട്ടെന്നും കുടുംബം പറഞ്ഞു. 

വ്യാഴാഴ്ച 1.15ന് കുവൈറ്റില്‍ നിന്ന് ഹൂസ്റ്റണിലേക്കുള്ള യാത്രയ്ക്കിടെയാണ് കപ്പല്‍ ഇറാന്‍ നാവിക സേന പിടിച്ചെടുത്തത്. കപ്പലിലെ 24 ജീവനക്കാരില്‍ 23 പേരും ഇന്ത്യക്കാരാണ്. ഇറാന്‍ നാവിക സേന പിടിച്ചെടുത്ത കപ്പല്‍ തുറമുഖത്തേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മോചനത്തിനായുള്ള നടപടികള്‍ തുടരുകയാണെന്ന് കപ്പലിന്റെ ഓപ്പറേറ്റര്‍മാര്‍ അറിയിച്ചിരുന്നു.
അമേരിക്കന്‍ കപ്പല്‍ തങ്ങളുടെ കപ്പലുകളില്‍ ഒന്നില്‍ ഇടിച്ചെന്നും ഇതിലുണ്ടായിരുന്ന രണ്ട് പേരെ കാണാതാവുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായും ഇറാന്‍ പ്രതികരിച്ചു. ഇറാന്റെ നടപടി രാജ്യാന്തര നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും പ്രാദേശിക സുരക്ഷയെ അപമാനിക്കുന്നതാണെന്നും അമേരിക്കന്‍ അധികൃതര്‍ പറഞ്ഞു. ഇറാന്റെ ഇത്തരത്തിലുള്ള ഇടപെടല്‍ അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.