Type Here to Get Search Results !

ഇങ്ങനെയൊക്കെ ഭാഗ്യം വന്നാല്‍ ആരായാലും ഞെട്ടും; ഉറപ്പ്, ഇനി പത്മിനിയെ ആരും കളിയാക്കില്ല

പത്തനംതിട്ട: പത്തനംതിട്ടയിലെ സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനില്‍ സ്ഥിരമായി ലോട്ടറി വില്‍ക്കുന്ന ആളാണ് പത്മിനി. കഴിഞ്ഞ ദിവസം പത്മിനിയെ തേടി ഒരു ഫോണ്‍ കോളെത്തി. പത്തനംതിട്ടയിലെ എം എ ശിവരാജന്‍ പിള്ള ലോട്ടറി എജന്‍സിയില്‍ നിന്നായിരുന്നു ആ ഫോണ്‍ കോള്‍. സംസ്ഥാന സര്‍ക്കാരിന്റെ ഫിഫ്റ്റി ഭാഗ്യക്കുറിയുടെ 47ാം നറുക്കെടുപ്പിന്റെ ഒന്നാം സമ്മാനമായ ഒരു കോടി രൂപയുടെ ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റത് പത്മിനിയായിരുന്നു.
ഈ പ്രായത്തില്‍ എന്തിനാണ് ഇങ്ങനെ ലോട്ടറി വിറ്റ് ജീവിക്കുന്നതെന്ന് ചോദിക്കുന്നവര്‍ക്കുള്ള മറുപടിയാണ് ഈ ഒന്നാം സമ്മാനമെന്ന് പത്മിനി പറയാതെ പറഞ്ഞു. താന്‍ ലോട്ടറി വില്‍ക്കുമ്പോള്‍ പലരും പുച്ഛിക്കാറുണ്ടെന്നം കളിയാക്കാറുണ്ടെന്നും പത്മിനി പറയുന്നു. ചിലപ്പോള്‍ മനസില്‍ വിഷമം തോന്നാറുണ്ട്. എന്നാല്‍ ഇപ്പോള്‍ അത് കാര്യമാക്കാറില്ലെന്ന് പത്മിനി പറയുന്നു.
പലരും ലോട്ടറി വില്‍ക്കുമ്പോള്‍ പുച്ഛിക്കാറുണ്ട്. അവര്‍ക്ക് വേണ്ടെങ്കില്‍ വേണ്ടെന്ന ഒരു വാക്ക് പറഞ്ഞാല്‍ പോരെ, അത് നമുക്ക് ഒരു സന്തോഷമാണ്. എന്നാല്‍ നമ്മള്‍ ഒരു ജോലി ചെയ്യുമ്പോള്‍ നമ്മളെ പുച്ഛിക്കരുത്. ഒരിക്കല്‍ ഒരു കുടുംബം എന്നെ കളിയാക്കുന്ന പോലെ സംസാരിച്ചു. അവരോട് ഞാന്‍ ചോദിച്ചത്, നിങ്ങളുടെ അമ്മ ഈ പ്രായത്തില്‍ ഈ ജോലി ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ ഇങ്ങനെ പറയുമോ എന്ന് ഞാന്‍ ചോദിച്ചു.
നടക്കാന്‍ കഴിയുന്നത് വരെ സ്വന്തമായി അധ്വാനിക്കണം. മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടുന്നത് തനിക്ക് ഇഷ്ടമല്ലെന്ന് പത്മിനി പറയുന്നു. പത്മിനി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്ന് അറിഞ്ഞപ്പോള്‍ പരിചയമുള്ളവര്‍ക്കൊക്കെ വലിയ സന്തോഷമായി. അര്‍ഹതപ്പെട്ടിട്ടുള്ള കൈകളില്‍ വിജയം എത്തിയെന്നാണ് പത്മിനിയുടെ പരിചയക്കാര്‍ പറയുന്നത്.
ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റതിന് പത്ത് ശതമാനം ഏജന്‍സി കമ്മിഷനുണ്ട്. നികുതി കുറയാതെ എട്ട് ലക്ഷം രൂപ പത്മിനിക്ക് ലഭിക്കും. എന്നാല്‍ തന്റെ കയ്യില്‍ നിന്ന് ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റ് ആരാണ് വാങ്ങിയതെന്ന് തനിക്ക് അറിയാം. അത് ആ ഭാഗ്യവാന്റെ സ്വകാര്യത. താനായി അത് വെളിപ്പെടുത്തുന്നില്ലെന്നും പത്മിനി പറഞ്ഞു.
യുവതിക്ക് ബംപർ
എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്. ഒന്നാം സമ്മാനമായി 1 കോടി രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും. 8000 രൂപയാണ് സമാശ്വാസ സമ്മാനം. ബുധനാഴ്ച മൂന്ന് മണിക്കായിരുന്നു ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചത്.