Type Here to Get Search Results !

കേരളത്തില്‍ വരാന്‍ 60 ലക്ഷം; മഅ്ദനിയുടെ ഹരജി ഇന്ന് സുപ്രിം കോടതിയില്‍


കേരള സന്ദര്‍ശനത്തിന്‍റെ അകമ്ബടി ചെലവ് കുറക്കണമെന്ന് ആവശ്യപ്പെട്ട് അബ്ദുന്നാസര്‍ മഅ്ദനി നല്‍കിയ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും.
ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. 

സുരക്ഷാ ചെലവായി 60 ലക്ഷം രൂപ നല്‍കുന്നതില്‍ ഇളവ് നല്‍കണമെന്നാണ് ആവശ്യം. മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബലാണ് മഅ്ദനിക്കു വേണ്ടി ഹാജരാകുന്നത്. 20 അംഗ ടീമിനെയാണ് സുരക്ഷയ്ക്ക് വേണ്ടി നിയോഗിച്ചിരിക്കുന്നത്. ഇതിലും ഇളവ് വേണമെന്ന് ആവശ്യപ്പെട്ടു. താമസവും ഭക്ഷണവും കൂടി കണക്കിലെടുത്താല്‍ അകമ്ബടിച്ചെലവ് ഒരു കോടിയോളം വരും. 

അകമ്ബടി ചെലവ് കുറക്കാനാകില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രിം കോടതിയെ അറിയിച്ചിരുന്നു. ചെലവ് കണക്കാക്കിയത് സര്‍ക്കാരിന്‍റെ ചട്ടപ്രകാരമാണ്. അകമ്ബടി പോകുന്ന പൊലീസുകാരുടെ എണ്ണവും കുറക്കാന്‍ സാധിക്കില്ല. ഐപിഎസ് ഉദ്യോഗസ്ഥന്‍ യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ ഉള്ള സംഘം കേരളം സന്ദര്‍ശിച്ചാണ് അകമ്ബടി സംബന്ധിച്ച ശുപാര്‍ശ തയ്യാറാക്കിയതെന്നും കോടതിയില്‍ അറിയിച്ചു. 

ഏപ്രില്‍ 17ന് കോടതി അനുകൂല വിധി നല്‍കിയിട്ടും നടപടിക്രമങ്ങളുടെ പേരില്‍ കര്‍ണാടക പൊലീസ് ഒരാഴ്ച വൈകിപ്പിച്ചു. മുമ്ബ് നാലുതവണ കേരളത്തില്‍ പോയപ്പോഴും ഇല്ലാത്ത കടുത്ത നിബന്ധനകളാണ് ഇത്തവണ മഅ്ദനിക്ക് മുന്നില്‍ കര്‍ണാടക വെച്ചത്.