കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് ആദിവാസി യുവാവിനെതിരെ വ്യാജകേസെടുത്ത സംഭവത്തില്‍ രണ്ട് വനപാലകര്‍ അറസ്റ്റില്‍.
കേസിലെ ഒന്നാം പ്രതി കിഴുകാനം സെക്ഷൻ ഫോറസ്റ്റര്‍ തിരുവനനന്തപുരം പൂവത്തുര്‍ ശിവം വീട്ടില്‍ വി അനില്‍കുമാര്‍ (51) കട്ടപ്പന ഡിവൈഎസ്പി മുമ്ബാകെ കീഴടങ്ങി. |
രണ്ടാം പ്രതി ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തിരുവനന്തപുരം എല്‍വി ഭവൻ വി സി ലെനിനെ(39) പീരുമേട് ഡിവൈഎസ്പി ജെ കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷകസംഘം അറസ്റ്റു ചെയ്തു. കണ്ണംപടി പുത്തൻപുരയ്ക്കല്‍ സരുണ്‍ സജിക്കെതിരെ വ്യാജകേസെടുത്ത് ജയിലിലടച്ച നടപടിയിലാണ് അറസ്റ്റ്.
ഡിഎഫ്‌ഒ ഉള്‍പ്പെടെ വനം വകുപ്പിലെ 13 പേര്‍ കേസിലെ പ്രതികളാണ്. ഇവരില്‍ ഒരാള്‍ മരിക്കുകയും രണ്ടുപേര്‍ ജില്ലാ കോടതിയില്‍ കീഴടങ്ങി റിമാൻഡ് കാലാവധി കഴിഞ്ഞ് ജാമ്യം നേടുകയും ചെയ്തിട്ടുണ്ട്. എട്ടുപേര്‍ മുൻകൂര്‍ ജാമ്യം തേടിയെങ്കിലും ഒന്നുമുതല്‍ മൂന്നുവരെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളി. തുടര്‍ന്നാണ് രണ്ടുപേര്‍ അറസ്റ്റിലായത്. മൂന്നാം പ്രതി സീനിയര്‍ ഗ്രേഡ് ഡ്രൈവര്‍ കാഞ്ചിയാര്‍ വടക്കൻ വീട്ടില്‍ ജിമ്മി ജോസഫ് ഒളിവിലാണ്. നാലുമുതല്‍ ഏഴുവരെയുള്ള പ്രതികള്‍ 15 ദിവസത്തിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകാൻ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
2022 സെപ്തംബര്‍ 20-നാണ് കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍ സരുണ്‍ സജിയെ കിഴുകാനം ഫോറസ്റ്റര്‍ അനില്‍കുമാറും സംഘവും അറസ്റ്റ് ചെയ്തത്. സരുണിന്റെ പരാതിയില്‍ മനുഷ്യാവകാശ- ഗോത്ര വര്‍ഗ കമീഷനുകളുടെ നിര്‍ദേശപ്രകാരമാണ് പട്ടികജാതി-പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരം പൊലീസ് കേസെടുത്തത്.
