Type Here to Get Search Results !

കുപ്പിയിൽ പെട്രോള്‍ നല്‍കാത്തതില്‍ പ്രകോപിതരായി; പെട്രോള്‍ പമ്ബ് ജീവനക്കാര്‍ക്കു നേരെ യുവാക്കളുടെ മര്‍ദനം


തൃത്താല: കുപ്പിയില്‍ പെട്രോള്‍ നല്‍കാത്തതില്‍ പ്രകോപിതരായ യുവാക്കള്‍ പമ്ബ് ജീവനക്കാരെ ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ചു.
ഞാങ്ങാട്ടിരിയിലെ സ്‌കൈ വേയ്സ് പമ്ബില്‍ ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. പമ്ബ് ജീവനക്കാരായ ഹാഷിഫ് (28), പ്രസാദ് (28) എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഇവരെ ട്ടാമ്ബിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇരുവരുടെയും തലയ്ക്കും ശരീരത്തിനും പരിക്കുണ്ട്. എട്ടരയോടെ ബൈക്കില്‍ പമ്ബിലെത്തിയ ചെറുപ്പക്കാരാണ് അക്രമം അഴിച്ചുവിട്ടതെന്ന് പ്രദേശവാസികള്‍ പറയുന്നു. കുപ്പിയില്‍ പെട്രോള്‍ ആവശ്യപ്പെട്ടപ്പോള്‍ അത് നല്‍കാനാവില്ലെന്ന് ജീവനക്കാര്‍ പറഞ്ഞതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.

ബൈക്കില്‍നിന്നിറങ്ങിയ യുവാക്കള്‍ കൈയിലുണ്ടായിരുന്ന വടിയും ആയുധങ്ങളുമുപയോഗിച്ച്‌ ജീവനക്കാരെ നേരിടുകയായിരുന്നു. ജീവനക്കാരെ ആക്രമിച്ചശേഷം പമ്ബിന് തീവെക്കുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയതായും ദൃക്സാക്ഷികള്‍ പറയുന്നു.

നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് എസ്.ഐ. സുരേഷിന്റെ നേതൃത്വത്തില്‍ തൃത്താല പോലീസ് സ്ഥലത്തെത്തിയെങ്കിലും അതിനുമുന്‍പേ ചെറുപ്പക്കാര്‍ ബൈക്കില്‍ രക്ഷപ്പെട്ടു. സംഭവത്തെത്തുടര്‍ന്ന് പെട്രോള്‍ പമ്ബ് അടച്ചു.

സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ചുവരികയാണെന്നും പ്രതികളെ ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്നും പോലീസ് അറിയിച്ചു.