മഹാരാഷ്ട്രയിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ആർഎസ്‌എസ് തട്ടകത്തില്‍ മിന്നുന്ന നേട്ടവുമായി മുസ്ലിം ലീഗ്. നാഗ്പൂരില്‍ കോർപറേഷനില്‍ മത്സരിച്ച നാല് സീറ്റുകളിലും മുസ്ലിം ലീഗ് സ്ഥാനാർത്ഥികള്‍ വിജയിച്ചു.
അസദ്ദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം മികച്ച പ്രകടനമാണ് മുസ്ലിം ഭൂരിപക്ഷ മേഖലകളില്‍ കാഴ്ച വച്ചത്. കോണ്‍ഗ്രസിന്റെ പ്രാദേശിക വോട്ടില്‍ വലിയ രീതിയില്‍ വിള്ളല്‍ വീഴ്ത്തിയാണ് എഐഎംഐഎമ്മിന്റെ മുന്നേറ്റം. സാംഭാജി നഗറില്‍ 33 സീറ്റ്, അമരാവതിയില്‍ 15 സീറ്റ്, മലേഗാവില്‍ 21, നന്ദേത് വാഗലയില്‍ 14, ദുലേയില്‍ 10, സോളാപൂരില്‍ 8, മുംബൈയില്‍ 6, താനെയില്‍ 5, ജല്‍നയില്‍ 2, ചന്ദ്രാപൂരില്‍ 1 എന്നിങ്ങനെയാണ് എഐഎംഐഎം നേട്ടമുണ്ടാക്കിയത്. തുടർച്ചയായ നാലാം തവണയും നാഗ്പൂർ മുൻസിപ്പല്‍ കോർപ്പറേഷൻ ബിജെപി തന്നെ സ്വന്തമാക്കിയെങ്കിലും 2017ലേക്കാള്‍ സീറ്റ് നഷ്ടമാണ് ഇക്കുറി ബിജെപി നേരിട്ടത്. 145 സീറ്റുകള്‍ മത്സരിച്ചതില്‍ 102 സീറ്റുകള്‍ നേടാനായെങ്കിലും 2017ല്‍ ഇത് 108 സീറ്റാണ്.
നാഗ്പൂരില്‍ ബിജെപിക്ക് സീറ്റ് നഷ്ടം, നേട്ടമുണ്ടാക്കി മുസ്ലിം ലീഗ്
120 സീറ്റുകള്‍ നേടുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് എത്താനും ബിജെപിക്ക് നാഗ്പൂരില്‍ സാധിച്ചിട്ടില്ല. ഒവൈസിയുടെ എഐഎംഐഎം നാഗ്പൂരില്‍ മാത്രം നേടിയത് 6 സീറ്റുകളാണ്. ഛത്രപതി സാംഭാജിനഗറില്‍ എഐഎംഐഎം സ്ഥാനാർത്ഥിക്ക് തുടക്കത്തില്‍ പാർട്ടിയില്‍ നിന്ന് തന്നെ എതിർപ്പുകള്‍ അഭിമുഖീകരിക്കേണ്ടി വന്നുവെങ്കിലും അസദ്ദുദ്ദീൻ ഒവൈസിയുടെ സാന്നിധ്യം മേഖലയില്‍ പ്രവർത്തകരെ ഒറ്റ നിലപാടിലേക്ക് എത്തിക്കുകയായിരുന്നു.ഛത്രപതി സംഭാജിനഗർ മുനിസിപ്പല്‍ കോർപ്പറേഷനില്‍ 33 സീറ്റ് ജയിച്ച എഐഎംഐഎം രണ്ടാമത്തെ വലിയ കക്ഷിയായി.
തെലങ്കാനയ്ക്ക് പുറത്ത് ആർഎസ്‌എസ് തട്ടകത്തില്‍ എഐഎംഐഎം മികച്ച നേട്ടമുണ്ടാക്കിയ തെരഞ്ഞെടുപ്പ് കൂടിയാണ് മഹാരാഷ്ട്രയിലേത്. നാഗ്പൂരില്‍ കോണി ചിഹ്നത്തില്‍ മത്സരിച്ച നാല് മുസ്ലിം ലീഗ് സ്ഥാനാർത്ഥികളും ജയിച്ചു. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് അസ്‌ലം ഖാൻ മുല്ല, മുജ്തബ അൻസാരി, രേഖ വിശ്വസ് പാട്ടില്‍, സായ്മ നാസ് ഖുറൈഷി എന്നിവരാണ് വിജയിച്ചത്.
