സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ വിശിഷ്ട അതിഥിയായിരുന്ന ചലച്ചിത്ര താരം റിയ ഷിബുവുമായിട്ടുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച മന്ത്രി വി ശിവന്‍കുട്ടിക്ക് പരിഹാസം.
ഇന്നലെയാണ് 'സര്‍വം മായ' എന്ന വിജയചിത്രത്തിലെ പ്രധാന കഥാപാത്രമായ 'ഡെലുലു'വിനെ അവതരിപ്പിച്ച റിയയുമായുള്ള ചിത്രം അദ്ദേഹം പങ്കുവച്ചത്. അതിന്റെ ക്യാപ്ഷന്‍ ഇങ്ങനെയായിരുന്നു. 'ഡെലുലു വുമൊത്ത്... റിയ ഷിബു കലോത്സവ ഉദ്ഘാടന സമ്മേളനത്തില്‍ വിശിഷ്ട അതിഥിയായിരുന്നു... മലയാളത്തിന്റെ അഭിമാനം ഐ എം വിജയനും ഫ്രയിമില്‍..'
ചിത്രത്തില്‍ ഇന്ത്യയുടെ ഫുട്‌ബോള്‍ ഇതിഹാസം ഐ എം വിജയന്‍, റിയയ്ക്ക് പിന്നിലായതാണ് നെറ്റിസന്‍സിനെ ചൊടിപ്പിച്ചത്. പലരും അദ്ദേഹത്തിന്റെ പോസ്റ്റില്‍ കമന്റുമായി വന്നു. വിജയന് പിന്തുണയുമായിട്ടാണ് പലരുമെത്തിയത്. അതിലൊരു കമന്റ് ഇങ്ങനെയായിരുന്നു... 'രാജ്യത്തിന്റെ എക്കാലത്തെയും legend അഭിമാനം ഐ എം വിജയന്‍ പിറകിലും ഇന്നലെ ഒരു സിനിമേല്‍ അഭിനയിച്ച നടി മുന്നിലും ... എന്തൊരു അണ്ണാ ഇത് ..?'
ഫോട്ടോയ്ക്ക് താഴെയുള്ള മറ്റൊരു കമന്റ് ഇങ്ങനെ... ''ഇന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പങ്കുവെച്ച ഒരു ചിത്രം കണ്ടപ്പോള്‍ ശരിക്കും വിഷമം തോന്നി. 'സര്‍വം മായ' എന്ന സിനിമയിലെ നടി റിയ ഷിബുവിനൊപ്പം അദ്ദേഹം കൂടെയിരിക്കുന്ന ചിത്രമായിരുന്നു അത്. സ്‌കൂള്‍ കലോത്സവ വേദിയില്‍ വെച്ചാണ് ഈ ചിത്രം എടുത്തിട്ടുള്ളത്. എന്നാല്‍ ആ ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ ആരും ശ്രദ്ധിക്കാതെ നമ്മുടെ ഐ.എം. വിജയന്‍ നില്‍ക്കുന്നുണ്ട്. അദ്ദേഹത്തെപ്പോലൊരു വലിയ മനുഷ്യനെ കാണാതെ പോയത് ശരിയായ ഒന്നാണെന്ന് എനിക്ക് തോന്നുന്നില്ല. ????
ഒരു സിനിമ ഹിറ്റായതുകൊണ്ടോ അതിലെ നടി കൂടെയുള്ളതുകൊണ്ടോ മാത്രം ഒരാള്‍ക്ക് പ്രാധാന്യം നല്‍കുന്നത് ശരിയല്ല. സിനിമകളും നടിമാരും വരികയും പോവുകയും ചെയ്യും. എന്നാല്‍ വര്‍ഷങ്ങളായി ഗ്രൗണ്ടില്‍ വിയര്‍പ്പൊഴുക്കി കേരളത്തിന്റെ പേര് ലോകത്തിന് മുന്നില്‍ എത്തിച്ച ആളാണ് വിജയന്‍ ചേട്ടന്‍. അദ്ദേഹം ഇപ്പോഴും കേരളത്തിലെ കായിക മേഖലയ്ക്ക് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നുണ്ട്.
