ഇന്ന് പുലര്‍ച്ചെ കോഴിക്കോട് ബീച്ചിലായിരുന്നു സംഭവം. ബീച്ചിലെ മണലില്‍ പേപ്പര്‍ വിരിച്ച് അതില്‍ കഞ്ചാവ് ഇലകള്‍ ഉണങ്ങാനായി നിരത്തിയിട്ട് തൊട്ടടുത്ത് പായ വിരിച്ചു കിടന്നുറങ്ങുകയായിരുന്നു റാഫി. പ്രഭാതസവാരിക്കായി ബീച്ചിലെത്തിയവര്‍ ഈ കാഴ്ച കണ്ട് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് സ്ഥലത്തെത്തിയ വെള്ളയില്‍ പോലീസ് സംഘം യുവാവിനെ വിളിച്ചുണര്‍ത്തി കസ്റ്റഡിയിലെടുത്തു. സ്വന്തമായി ഉപയോഗിക്കാന്‍ വേണ്ടിയാണ് കഞ്ചാവ് ഉണക്കാനിട്ടതെന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കി. ഇയാള്‍ക്ക് ലഹരി വില്‍പന സംഘങ്ങളുമായി ബന്ധമുണ്ടോ എന്നും പോലീസ് പരിശോധിക്കും.
