പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷ തള്ളി. തിരുവല്ല ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. തിരുവല്ല സ്വദേശിയാണ് രാഹുലിനെതിരെ ബലാത്സംഗ പരാതി നൽകിയത്. ഈ മാസം 11ന് രാവിലെയോടെയായിരുന്നു രാഹുലിനെ എസ്ഐടി അറസ്റ്റ് ചെയ്തത്. അന്ന് പുലർച്ചെ 12.30ഓടെ പാലക്കാട് കെപിഎം ഹോട്ടലിൽ നിന്നും രാഹുലിനെ കസ്റ്റഡിയിലെടുത്തത്.
ഗർഭച്ഛിദ്രം, നിർബന്ധിത ഗർഭച്ഛിദ്രം, ബലാത്സംഗം, പെൺകുട്ടിയുടെ പിതാവിനെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തൽ, തുടങ്ങിയ പരാതികളാണ് പെൺകുട്ടി അയച്ച ഇമെയിലിൽ പറയുന്നത്. അതീവ രഹസ്യമായി സൂക്ഷിച്ച പരാതിയിൽമേൽ പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.
