സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർക്ക് വളരെ നേരത്തെ തന്നെ ഹൃദയാരോഗ്യത്തില്‍ തിരിച്ചടികള്‍ നേരിടുന്നു എന്നത് ഗൗരവകരമായ ഒരു വസ്തുതയാണ്. ശരാശരി 5,112 വ്യക്തികളെ 34 വർഷത്തോളം നിരീക്ഷണവിധേയമാക്കിയാണ് ശാസ്ത്രലോകം ഈ നിഗമനത്തിലെത്തിയത്.നിർണായക പ്രായം
പഠനമനുസരിച്ച് 35 വയസ്സാണ് പുരുഷന്മാരുടെ ഹൃദയാരോഗ്യത്തിലെ ഏറ്റവും നിർണ്ണായകമായ ഘട്ടം. ഈ പ്രായം മുതല്‍ പുരുഷന്മാരിലും സ്ത്രീകളിലും ഹൃദയരോഗ സാധ്യതകള്‍ വ്യത്യസ്തമായ രീതിയില്‍ വളരാൻ തുടങ്ങുന്നു. പ്രത്യേകിച്ച് കൊറോണറി ഹൃദ്രോഗം പുരുഷന്മാരെയാണ് വേഗത്തില്‍ കീഴ്പ്പെടുത്തുന്നത്.
രക്തധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടി രക്തയോട്ടം തടസ്സപ്പെടുന്ന അവസ്ഥ പുരുഷന്മാരില്‍ പത്ത് വർഷം മുമ്പ് തന്നെ ആരംഭിക്കുന്നു എന്നത് ആരോഗ്യരംഗത്തെ വിദഗ്ധർ ഒരു മുന്നറിയിപ്പായി നല്‍കുന്നു. ഹൃദയരോഗങ്ങള്‍ ദശാബ്ദങ്ങളിലൂടെ വികസിക്കുന്ന ഒന്നാണെന്നും അതിനാല്‍ മുപ്പതുകളില്‍ തന്നെ പരിശോധനകള്‍ ആരംഭിക്കേണ്ടത് അത്യാവശ്യമാണെന്നും ഗവേഷകർ വ്യക്തമാക്കുന്നു.
ലിംഗഭേദ വ്യത്യാസം
ഹൃദയാഘാത സാധ്യതയില്‍ പുരുഷന്മാരും സ്ത്രീകളും തമ്മില്‍ വലിയൊരു കാലയളവിന്റെ വ്യത്യാസമുണ്ട്. കണക്കുകള്‍ പ്രകാരം അഞ്ച് ശതമാനം ഹൃദയരോഗസാധ്യത പുരുഷന്മാർ ശരാശരി 50.5 വയസ്സില്‍ എത്തുമ്പോള്‍ തന്നെ കൈവരിക്കുന്നു. എന്നാല്‍ സ്ത്രീകള്‍ ഇതേ അപകടസാധ്യതയില്‍ എത്തുന്നത് 57.5 വയസ്സിലാണെന്ന് പഠനം പറയുന്നു. അതായത് ഏഴ് വർഷത്തോളം നേരത്തെ പുരുഷന്മാരുടെ ഹൃദയം അപകടഭീഷണിയിലാകുന്നു.
കൊറോണറി ഹൃദ്രോഗത്തിന്റെ കാര്യത്തിലാണെങ്കില്‍ ഈ വ്യത്യാസം പത്ത് വർഷമാണ്. പുകവലി, ഉയർന്ന രക്തസമ്മർദ്ദം, കൊളസ്ട്രോള്‍, ശാരീരിക വ്യായാമമില്ലായ്മ തുടങ്ങിയ ഘടകങ്ങള്‍ ഒഴിവാക്കിയാലും പുരുഷന്മാരില്‍ ഈ സാധ്യത ഉയർന്ന നിലയില്‍ തന്നെ തുടരുന്നു എന്നത് ശ്രദ്ധേയമാണ്.
പ്രധാന കാരണങ്ങള്‍
എന്തുകൊണ്ടാണ് പുരുഷന്മാരില്‍ ഇത്ര നേരത്തെ ഹൃദയരോഗങ്ങള്‍ ഉണ്ടാകുന്നത് എന്നതിനെക്കുറിച്ച് കൃത്യമായ കാരണങ്ങള്‍ പഠനവിധേയമാക്കേണ്ടതുണ്ട്. എങ്കിലും ഹോർമോണുകളിലെ വ്യത്യാസം ഒരു പ്രധാന ഘടകമായി കരുതപ്പെടുന്നു. സ്ത്രീകളില്‍ ഈസ്ട്രജൻ ഹോർമോണ്‍ നല്‍കുന്ന സ്വാഭാവിക സംരക്ഷണം പുരുഷന്മാർക്കില്ല. കൂടാതെ പുരുഷന്മാർ പലപ്പോഴും ആരോഗ്യ പരിശോധനകള്‍ക്കായി ആശുപത്രികളെ സമീപിക്കാൻ വിമുഖത കാണിക്കുന്നവരാണ്.
ഇതും രോഗനിർണയം വൈകാൻ കാരണമാകുന്നു. സ്ട്രോക്ക് അഥവാ പക്ഷാഘാതം, ഹൃദയസ്തംഭനം എന്നിവയുടെ കാര്യത്തില്‍ സ്ത്രീപുരുഷ ഭേദമില്ലാതെ സമാനമായ സാധ്യതകളാണ് കണ്ടുവരുന്നത്.
പ്രതിരോധ മാർഗങ്ങള്‍
ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിന് ജീവിതശൈലിയില്‍ മാറ്റം വരുത്തുക എന്നത് മാത്രമാണ് ഏക പോംവഴി. മുപ്പതുകളുടെ തുടക്കത്തില്‍ തന്നെ കൃത്യമായ ഇടവേളകളില്‍ ഹൃദയപരിശോധനകള്‍ നടത്താൻ പുരുഷന്മാർ തയ്യാറാകണം. ഭക്ഷണക്രമത്തില്‍ നിയന്ത്രണം വരുത്തുക, നിത്യവും വ്യായാമം ചെയ്യുക, മാനസിക സമ്മർദ്ദം കുറയ്ക്കുക എന്നിവ വളരെ പ്രധാനമാണ്.
ഹൃദയരോഗങ്ങള്‍ ലക്ഷണമില്ലാതെ വർഷങ്ങളോളം ശരീരത്തില്‍ വളരാമെന്നതിനാല്‍ 'എനിക്ക് കുഴപ്പമൊന്നുമില്ല' എന്ന ചിന്താഗതി തിരുത്തേണ്ട സമയമായിരിക്കുന്നു. നേരത്തെയുള്ള രോഗനിർണ്ണയം ഹൃദയാഘാതം മൂലമുള്ള അകാല മരണം ഒഴിവാക്കാൻ സഹായിക്കും.
പുതിയ വാർത്തകള്‍ സമയബന്ധിതമായി അറിയാൻ ഞങ്ങളുടെ വാട്സ്‌ആപ്പ് ചാനല്‍ ഫോളോ ചെയ്യുക. ഈ വാർത്ത സുഹൃത്തുകള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വാട്സ്‌ആപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യൂ. അഭിപ്രായം കമന്റായി രേഖപ്പെടുത്താനും മറക്കരുത്.
