ശ്രീ ഗംഗാനഗർ: മേഘാലയയിലെ മോഡൽ ഹണിമൂൺ കൊലപാതകത്തിന് സമാനമായ മറ്റൊരു ക്രൂരകൃത്യം രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽ റിപ്പോർട്ട് ചെയ്തു. കാമുകനൊപ്പം ജീവിക്കാൻ വേണ്ടി വിവാഹം കഴിഞ്ഞ് മാസങ്ങൾ മാത്രം പിന്നിട്ടപ്പോൾ ഭർത്താവിനെ വാടകക്കൊലയാളികളുടെ സഹായത്തോടെ കൊലപ്പെടുത്തിയ യുവതിയും സംഘവുമാണ് പൊലിസിന്റെ പിടിയിലായത്. ശ്രീ ഗംഗാനഗർ സ്വദേശി ആഷിഷ് ആണ് കൊല്ലപ്പെട്ടത്. ഭാര്യ അഞ്ജുവും കാമുകൻ സഞ്ജുവും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത്.
*അപകടമെന്ന് വരുത്തിത്തീർക്കാൻ ശ്രമം; പൊലിസിനെ തുണച്ചത് പോസ്റ്റ്മോർട്ടം റിപ്പോർട്ട്*
ജനുവരി 30-നായിരുന്നു കേസിനാസ്പ്‌പദമായ സംഭവം നടന്നത്.
വൈകുന്നേരം നടക്കാൻ പോകുന്നതിനിടെ അമിതവേഗതയിലെത്തിയ കാർ തങ്ങളെഇടിച്ചുവെന്നും കാറിലുണ്ടായിരുന്നവർ തന്റെ സ്വർണാഭരണങ്ങൾ കവർന്നുവെന്നുമാണ് അഞ്ജു പൊലിസിനോട് പറഞ്ഞിരുന്നത്. എന്നാൽ, കേസ് അന്വേഷിച്ച ശ്രീ ഗംഗാനഗർ പൊലിസ് സൂപ്രണ്ട് അമൃത ദുഹാന്റെ നേതൃത്വത്തിലുള്ള സംഘത്തിന് അഞ്ജുവിന്റെ മൊഴിയിൽ ആദ്യം മുതലേ അവിശ്വാസം തോന്നിയിരുന്നു.
ഭർത്താവ് മരിക്കാനിടയായ അപകടത്തിൽ ഭാര്യയ്ക്ക് കാര്യമായ പരിക്കുകൾ ഏൽക്കാതിരുന്നത് പൊലിസിന്റെ സംശയം വർദ്ധിപ്പിച്ചു.വാഹനമിടിച്ചതിനേക്കാൾ ഉപരിയായി, കഴുത്ത് ഞെരിച്ചതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. കൂടാതെ ശരീരത്തിൽ ആയുധങ്ങൾ കൊണ്ട് മുറിവേറ്റ പാടുകളും ഉണ്ടായിരുന്നു.ഫോറൻസിക് ലബോറട്ടറി സംഘം നടത്തിയ പരിശോധനയിൽ ഇതൊരു കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്ന് തെളിഞ്ഞു.
*ക്രൂരമായ കൊലപാതക പദ്ധതി ഇങ്ങനെ:*
അയൽവാസിയായ സഞ്ജുവുമായി അഞ്ജു പ്രണയത്തിലായിരുന്നു. വിവാഹശേഷവും ഇവർ ബന്ധം തുടർന്നു. ആഷിഷിനെ ഒഴിവാക്കി ഒന്നിച്ച് ജീവിക്കാനായി ഇരുവരും ചേർന്ന് പദ്ധതി തയ്യാറാക്കി.കൊലപാതകത്തിന് മുന്നോടിയായി അഞ്ജു ഭർത്താവിന് സ്ഥിരമായി മദ്യം നൽകിയിരുന്നു.
സംഭവ ദിവസം ആഷിഷിനെ മദ്യം നൽകി മയക്കിയ ശേഷം 'ഒന്ന് നടന്നു വരാം' എന്ന് പറഞ്ഞ് അഞ്ജു ആളൊഴിഞ്ഞ റോഡിലേക്ക് കൂട്ടിക്കൊണ്ടുപോയി. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം കാമുകൻ സഞ്ജുവും സുഹൃത്തുക്കളായ രോഹിത്തും സിദ്ധാർത്ഥം ചേർന്ന് ആഷിഷിനെ ആക്രമിക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്‌തു.
മരണം ഉറപ്പാക്കിയ ശേഷം മൃതദേഹത്തിന് മുകളിലൂടെ കാർ ഓടിച്ചു കയറ്റി. തുടർന്ന് കൊള്ള നടന്നുവെന്ന്
വരുത്തിത്തീർക്കാൻ അഞ്ജു തന്റെ ആഭരണങ്ങൾ അവർക്ക് നൽകുകയും ബോധരഹിതയായി അഭിനയിച്ച് റോഡിൽ കിടക്കുകയും ചെയ്തു.
പൊലിസിന്റെ വിശദമായ ചോദ്യം ചെയ്യലിൽ അഞ്ജു കുറ്റം സമ്മതിച്ചു. അഞ്ജുവിനെയും കാമുകൻ സഞ്ജുവിനെയും പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂട്ടുപ്രതികളായ രോഹിത്തിനും സിദ്ധാർത്ഥിനും വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കി.
