റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തില്‍ സിപ് ലൈനില്‍ നിന്ന് വീണ് ഓപ്പറേറ്ററായ യുവാവിന് ദാരുണാന്ത്യം.
ബളാന്തോട് ചാമുണ്ഡിക്കുന്ന് വാതില്‍മാടിയിലെ കൃഷ്ണൻ-ജാനകി ദമ്പതികളുടെ മകൻ സനൂപ് കൃഷ്ണൻ (25) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് റാണിപുരത്തെ അഡ്വഞ്ചർ പാർക്കില്‍ നാടിനെ നടുക്കിയ അപകടം നടന്നത്.
സിപ് ലൈനിലൂടെ സഞ്ചരിക്കാനായി സുരക്ഷാ ബെല്‍റ്റണിഞ്ഞ് ഒരുങ്ങിയ ടൂറിസ്റ്റ് യുവതി, പുറപ്പെടുന്നതിനിടെ ഭയം കാരണം അബദ്ധത്തില്‍ ഓപ്പറേറ്ററായ സനൂപിന്റെ വസ്ത്രത്തിലോ കയ്യിലോ കയറിപ്പിടിക്കുകയായിരുന്നു. ഇതോടെ സനൂപിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും യുവതിയോടൊപ്പം സിപ് ലൈൻ കേബിളില്‍ കുടുങ്ങി മുന്നോട്ട് നീങ്ങുകയും ചെയ്തു. സുരക്ഷാ ബെല്‍റ്റ് ധരിക്കാതിരുന്ന സനൂപ് കേബിളില്‍ പിടിച്ച് ഏകദേശം 300 മീറ്ററോളം ദൂരം സഞ്ചരിച്ചെങ്കിലും, പിടിവിട്ട് താഴേക്ക് പതിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സനൂപിനെ ഉടൻ തന്നെ കാഞ്ഞങ്ങാട്ടെയും തുടർന്ന് കാസർകോട്ടെയും സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഹോട്ടല്‍ മാനേജ്‌മെന്റ് പഠനം പൂർത്തിയാക്കിയ സനൂപ് അപകടം നടക്കുന്നതിന് തൊട്ടുമുമ്പ് വെള്ളിയാഴ്ചയാണ് ഇവിടെ സിപ് ലൈൻ ഓപ്പറേറ്ററായി ജോലിയില്‍ പ്രവേശിച്ചത്. ജോലിയില്‍ പ്രവേശിച്ച് രണ്ടാം ദിവസം തന്നെയാണ് ഈ ദാരുണ സംഭവം. പാർക്കിലെ സുരക്ഷാ വീഴ്ചകളെക്കുറിച്ച് നേരത്തെ തന്നെ പരാതികള്‍ ഉയർന്നിരുന്നതായും, ഗ്രാമപഞ്ചായത്ത് വില്ലേജ് തലത്തില്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും പാർക്ക് പ്രവർത്തിച്ചിരുന്നതായി പ്രദേശവാസികള്‍ ആരോപിക്കുന്നു. സംഭവത്തില്‍ രാജപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
