Type Here to Get Search Results !

ഇന്ത്യന്‍ നിര്‍മിത മരുന്ന് കണ്ണിലൊഴിച്ച മൂന്ന് പേര്‍ മരിച്ചു, എട്ടുപേരുടെ കാഴ്ച പോയി; മരുന്നില്‍ അപകടകരമായ ബാക്‌ടീരിയയുടെ സാന്നിദ്ധ്യമെന്ന് അമേരിക്ക


ന്യൂഡല്‍ഹി: ഇന്ത്യന്‍ നിര്‍മിത തുള്ളിമരുന്നില്‍ മരുന്നുകളെ പ്രതിരോധിക്കുന്ന ബാക്‌ടീരിയയുടെ അപകടകരമായ സാന്നിദ്ധ്യം കണ്ടെത്തിയെന്ന് അമേരിക്ക.

തമിഴ്‌നാട് ആസ്ഥാനമായുള്ള ഗ്ളോബല്‍ ഫാര്‍മ ഹെല്‍ത്ത് കെയര്‍ നിര്‍മിക്കുന്ന കണ്ണിലൊഴിക്കുന്ന തുള്ളിമരുന്നായ 'ആ‌ര്‍ട്ടിഫിഷ്യല്‍ ടിയേഴ്‌സില്‍' സ്യൂഡോമോനാസ് എരുഗിനോസ എന്ന ബാക്‌ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയതായാണ് അമേരിക്കയുടെ ആരോഗ്യവകുപ്പ് ആശങ്ക പ്രകടിപ്പിച്ചത്.

മരുന്ന് ഉപയോഗിച്ച മൂന്ന് പേര്‍ മരിക്കുകയും എട്ടുപേര്‍ക്ക് കാഴ്‌ച നഷ്ടമാവുകയും ചെയ്തെന്ന അമേരിക്കന്‍ ആരോഗ്യവകുപ്പിന് കീഴിലുള്ള സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്റെ (സി ഡി സി) റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കമ്ബനി ഫെബ്രുവരിയില്‍ മരുന്ന് തിരിച്ചുവിളിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് മരുന്നില്‍ ബാക്‌ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്.

ബാക്‌ടീരിയ സ്ഥിരമായി കാഴ്ച നഷ്ടമാകുന്നതിന് കാരണമാകുമെന്ന് സി ഡി സി പറയുന്നു. ഗുണനിലവാരമില്ലാത്ത ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നത് അന്ധതയ്ക്കും മരണത്തിനും അണുബാധയ്ക്കും കാരണമാകുമെന്ന് യു എസ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷന്‍ മുന്‍പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അമേരിക്കയില്‍ ഈ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും നിലവിലുള്ള ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ച്‌ ഈ ബാക്‌ടീരിയയെ ചെറുക്കുന്നത് പ്രയാസകരമാണെന്നും ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.

ഉത്തര്‍പ്രദേശിലെ നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാരിയോണ്‍ ബയോടെക് നിര്‍മിച്ച ചുമ മരുന്ന് കുടിച്ച്‌ ഉസ്‌ബെക്കിസ്താനില്‍ 18 കുട്ടികളും ഹരിയാനയിലെ മെയ്‌ഡന്‍ ഫാര്‍മ കയറ്റുമതി ചെയ്ത മരുന്ന് കഴിച്ച്‌ ഗാംബിയയില്‍ 66 കുട്ടികളും മരണപ്പെട്ടത് ഏറെ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കന്‍ ഇന്ത്യന്‍ നിര്‍മിത തുള്ളിമരുന്ന് ഉപയോഗിച്ച മൂന്നുപേ‌ര്‍ മരിച്ചതായുള്ള വാര്‍ത്ത പുറത്തുവരുന്നത്.

അതേസമയം, ആര്‍ട്ടിഫിഷ്യല്‍ ടിയേഴ്‌സ് തുള്ളിമരുന്നില്‍ മായം കണ്ടെത്താനായില്ലെന്ന് തമിഴ്‌നാട് ഡ്രഗ്‌സ് കണ്‍ട്രോള്‍ ഡയറക്‌ടര്‍ പി വി വിജയലക്ഷ്‌മി പറഞ്ഞു. ചോദ്യം ചെയ്യപ്പെട്ടത് ഉള്‍പ്പെടെ നിരവധി ബാച്ചുകളില്‍ നിന്നുള്ള സാമ്ബിളുകള്‍ വിശകലനം ചെയ്തുവെങ്കിലും മായം കണ്ടെത്തിയില്ലെന്ന് അവര്‍ വ്യക്തമാക്കി.