തിരുവനന്തപുരം: ഹജ്ജ് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി സ്മൃതി ഇറാനിക്ക് കത്തെഴുതി മന്ത്രി വി അബ്ദുറഹിമാന്‍.
കേരളത്തില്‍ നിന്ന് ഹജ്ജ് തീര്‍ത്ഥാടനത്തിന് കൂടുതല്‍ പേര്‍ക്ക് അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം സ്മൃതി ഇറാനിയ്ക്ക് കത്തെഴുതിയത്.
10331 പേരെയാണ് ഇത്തവണ കേരളത്തില്‍ നിന്ന് ഹജ്ജിനായി തെരഞ്ഞെടുത്തത്. കോഴിക്കോട് നിന്ന് 6322 പേര്‍, കൊച്ചി 2213, കണ്ണൂര്‍ 1796 എന്നിങ്ങനെയാണ് അനുവദിച്ചത്. മലപ്പുറം ജില്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേരുള്ളത്. 3463 പേരാണ് മലപ്പുറം ജില്ലയില്‍ നിന്നുള്ളത്. കേരളത്തില്‍ നിന്ന് ഹജ്ജിന് 19524 പേര്‍ അപേക്ഷ നല്‍കിയിരുന്നു. 2017, 2018, 2019 വര്‍ഷങ്ങളില്‍ കേരളത്തില്‍ നിന്ന് 11000 ത്തില്‍ കൂടുതല്‍ പേരെ ഹജ്ജിന് തെരഞ്ഞെടുത്തിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഹജ്ജ് ക്വാട്ട വെട്ടിക്കുറച്ചിരുന്നു. കോവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്നായിരുന്നു നടപടി.
കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം നേരിട്ടാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടത്തിയത്. ഈ രീതി പുനഃപ്പരിശോധിക്കണമെന്നും ഹജ്ജ് ക്വാട്ട സംസ്ഥാനത്തിന് നിശ്ചയിച്ച് നല്‍കണമെന്നും ആവശ്യപ്പെട്ടാണ് അബ്ദുറഹിമാന്‍ സ്മൃതി ഇറാനിയ്ക്ക് കത്ത് നല്‍കിയത്. ഹജ്ജ് തീര്‍ത്ഥാടനത്തിന് കൂടുതല്‍ അപേക്ഷകരുള്ള കേരളത്തിന് അര്‍ഹമായ പരിഗണന നല്‍കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചു.
