Type Here to Get Search Results !

സര്‍വര്‍ തകരാര്‍ പരിഹരിച്ചു; റേഷന്‍ കടകള്‍ ഇന്ന് തുറക്കും; മെയ് മൂന്ന് വരെ പ്രവര്‍ത്തന സമയത്തില്‍ നിയന്ത്രണം; മലപ്പുറം ജില്ലയിൽ രാവിലെ..!



ഇ പോസ് സര്‍വര്‍ തകരാര്‍ പരിഹരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. ഇ-പോസ് മുഖേനയുള്ള റേഷന്‍ വിതരണം പുനസ്ഥാപിക്കാന്‍ സാധിച്ചതായി സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ്.

ഇന്ന് രാവിലെ ഏഴ് ജില്ലകളിലും ഉച്ചയ്ക്ക് ശേഷം അവശേഷിക്കുന്ന ഏഴ് ജില്ലകളിലും എന്ന നിലയിലായിരിക്കും മൂന്നാം തീയതി വരെയുള്ള റേഷന്‍ വിതരണം. സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് മൂന്ന് ദിവസമാണ് സംസ്ഥാനത്തെ റേഷന്‍ കടകള്‍ അടച്ചിട്ടത്.

നിലവിലെ സര്‍‍വ്വറുകളില്‍ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങള്‍ ക്ലൗഡ് സ്റ്റോറേജിലേയ്ക്ക് മാറ്റുന്ന പ്രക്രിയ നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്റര്‍ ഇന്ന് വൈകുന്നേരത്തോടെ പൂര്‍ത്തീകരിച്ചു. ഇ-പോസ് മുഖേനയുള്ള റേഷന്‍ വിതരണം ഇന്ന് മുതല്‍ പുന:സ്ഥാപിക്കാന്‍ കഴിയും. എന്‍ഐസി ഹൈദരാബാദിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഡാറ്റാ മൈഗ്രേഷന്‍ നടത്തിയത്. എന്‍ഐസി നടത്തിയ ഡാറ്റാ മൈഗ്രേഷന് ശേഷം സ്റ്റേറ്റ് ഐടി മിഷന്റെ സഹായത്തോടെ ലോഡ് ടെസ്റ്റിംഗും വിജയകരമായി പൂര്‍ത്തികരിച്ചു.

ഇന്ന് രാവിലെ 8 മണി മുതല്‍ 1 മണി വരെ മലപ്പുറം, തൃശ്ശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിലാണ് റേഷന്‍ വിതരണം നടക്കുക. ഉച്ച്‌യ്ക്ക് 2 മണി മുതല്‍ 7 മണി വരെ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസര്‍കോട്, ഇടുക്കി ജില്ലകളിലും റേഷന്‍ വിതരണം നടക്കും. മെയ് 3 വരെ പ്രസ്തുത സമയ ക്രമം തുടരും. 2023 മെയ് 5 വരെ ഏപ്രില്‍ മാസത്തെ റേഷന്‍ വിതരണം ഉണ്ടായിരിക്കും. മെയ് 6 മുതല്‍ മെയ് മാസത്തെ റേഷന്‍ വിതരണം ആരംഭിക്കും.

ഇ-പോസ് മുഖേനയുള്ള റേഷന്‍ വിതരണം സൂക്ഷ്മമായി നിരീക്ഷിക്കും. പ്രശ്നങ്ങള്‍ ഉണ്ടായാല്‍ അടിയന്തരമായ ഇടപെടല്‍ നടത്തുന്നതിന് പൊതുവിതരണ വകുപ്പിലെ ജില്ലാ സപ്ലൈ ഓഫീസര്‍ അടക്കമുള്ള മുഴുവന്‍ ഉദ്യോഗസ്ഥരും ഫീല്‍ഡില്‍ ഉണ്ടാകും.