Type Here to Get Search Results !

വാക്സിനെടുക്കാന്‍ ആവശ്യക്കാ‌ര്‍ വര്‍ദ്ധിച്ചു ജില്ലയില്‍ കൊവിഡ് വാക്‌സിനില്ല

മലപ്പുറം: ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ കൊവിഡ് വാക്സിന്‍ പൂര്‍ണ്ണമായും തീര്‍ന്നു. വീണ്ടും കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ബൂസ്റ്റര്‍ ഡോസിനായി സര്‍ക്കാര്‍ ആശുപത്രികളെ സമീപിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്.500 ഡോസ് വാക്സിന്‍ അടിയന്തരമായി ലഭ്യമാക്കണമെന്ന ആവശ്യം സംസ്ഥാന ആരോഗ്യ വകുപ്പിനെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചിട്ടുണ്ട്.
നിലവില്‍ ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ മാത്രമാണ് കൊവിഡ് വാക്സിനുള്ളത്. ഹജ്ജ് തീര്‍ത്ഥാടകരടക്കം ഇവിടെ നിന്നാണ് വാക്സിനെടുക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരു മാസത്തോളമായി കൊവിഡ് വാക്സിന്‍ സ്‌റ്റോക്ക് കുറഞ്ഞു തുടങ്ങിയിട്ട്. ഇതാണ് ഇപ്പോള്‍ രൂക്ഷമായത്. നേരത്തെ ആവശ്യത്തിന് കൊവിഡ് വാക്സിന്‍ സ്റ്റോക്ക് ഉണ്ടായിരുന്നെങ്കിലും വാക്സിനേഷന് ആളുകള്‍ എത്താതായതോടെ കാലാവധി കഴിഞ്ഞ് നിരവധി ഡോസ് വാക്സിനുകള്‍ ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്. ഒരു വയല്‍ വാക്സിന്‍ പൊട്ടിച്ചാല്‍ പൂര്‍ണ്ണമായും അന്ന് തന്നെ കുത്തിവച്ചില്ലെങ്കില്‍ പിന്നീട് ഉപയോഗിക്കരുതെന്നാണ് നിര്‍ദ്ദേശം. പത്ത് ഡോസാണ് ഒരു വയലില്‍. ഇത്രയും പേര്‍ മിക്ക ദിവസങ്ങളില്‍ എത്താത്തത് കാരണം പലപ്പോഴും ബാക്കി വരുന്നവ കളയേണ്ട സാഹചര്യമായിരുന്നു. ഈ കാരണം കൊണ്ടാണ് പുതുതായി വാക്സിന് വേണ്ടി ആവശ്യപ്പെടാതിരുന്നതെന്ന് ജില്ലാ ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു. സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി കൂടിയതോടെ ആശുപത്രികളില്‍ വാക്സിന്‍ തേടിയെത്തുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.