റിസര്‍വ് ബാങ്ക് 2000 രൂപ നോട്ട് നിരോധിച്ചതോടെ ആയിരം രൂപ കറന്‍സി തിരികെ വരാന്‍ സാധ്യതയേറിയെന്ന് സാമ്ബത്തിക വിദഗ്ദ്ധന്‍ സി ഷൈജുമോന്‍.
സെപ്തംബര്‍ 30 വരെ മാത്രമാണ് 2000 രൂപ നോട്ടിന്റെ ആയുസ്. അതിന് ശേഷം നിലവിലെ കറന്‍സികളില്‍ ഏറ്റവും വലിയ കറന്‍സി 500 രൂപയാകും. എന്നാല്‍ ആ ഘട്ടമാകുമ്ബോഴേക്കും വലിയ കറന്‍സി വിപണിയിലെത്തുമെന്നാണ് താന്‍ കരുതുന്നതെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
'വിലക്കയറ്റം കൂടുമ്ബോഴും മൂല്യവര്‍ധന ഉണ്ടാകുമ്ബോഴും ജനങ്ങളുടെ സൗകര്യത്തിനാണ് വലിയ കറന്‍സി നാട്ടിലുണ്ടാകേണ്ടത്. 1960 കളില്‍ രാജ്യത്ത് പതിനായിരത്തിന്റേയും അയ്യായിരത്തിന്റേയുമൊക്കെ കറന്‍സി ഉണ്ടായിരുന്നു. പിന്നീട് അത് പരമാവധി ആയിരത്തിലേക്കും പിന്നീട് 2000വുമായി. വലിയ സാമ്ബത്തിക ക്രയവിക്രയങ്ങള്‍ ഡിജിറ്റലായി മാറി. ഇപ്പോള്‍ ജനത്തിന് ചെറിയ കറന്‍സി നോട്ടുകളാണ് ആവശ്യം. ഒരുപക്ഷെ ആയിരത്തിന്റെ നോട്ട് തിരികെ വന്നേക്കും. അതുമല്ലെങ്കില്‍ 3000 ത്തിന്റേയോ അതിലും വലിയ കറന്‍സി വരാനും സാധ്യതയുണ്ട്,'- ഷൈജുമോന്‍ പറഞ്ഞു.
'വിലക്കയറ്റം കഴിഞ്ഞ രണ്ടാഴ്ചയായി ഡീഫ്ലേഷന്‍ എന്ന നിലയില്‍ താഴേക്ക് പോയി. എങ്കിലും ഗ്രാമങ്ങളിലൊക്കെ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അവിടങ്ങളില്‍ പണം ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. ആയിരത്തിന്റെ നോട്ട് തിരികെ വരാനോ മൂവായിരം പോലെ വലിയ മൂല്യമുള്ള കറന്‍സി നിലവില്‍ വരാനും സാധ്യതയുണ്ടെന്നാണ് ഞാന്‍ മനസിലാക്കുന്നത്,'- എന്നും അദ്ദേഹം ആവര്‍ത്തിച്ചു.
ഇന്നാണ് റിസര്‍വ് ബാങ്ക് 2000 രൂപ നോട്ട് നിരോധന വിജ്ഞാപനം പുറത്തിറക്കിയത്. മെയ് 23 മുതല്‍ 20000 ത്തിന്റെ കെട്ടുകള്‍ തവണകളായി ബാങ്കുകളില്‍ വെച്ച് മാറാവുന്നതാണ്. സെപ്തംബര്‍ 30 വരെയാണ് നോട്ട് മാറാനുള്ള സമയം. നിലവില്‍ ഇന്ത്യന്‍ വിപണിയിലുള്ളത് 3.62 ലക്ഷം കോടി രൂപ മൂല്യമുള്ള 181 കോടി എണ്ണം 2000 രൂപ നോട്ട് മാത്രമാണ്.
മുന്‍പ് 2016 നോട്ട് നിരോധനം വന്ന ശേഷമാണ് 2000 രൂപ നോട്ട് പുറത്തിറക്കിയത്. 2017 ന് ശേഷം രാജ്യത്ത് ഈ നോട്ട് അച്ചടിച്ചിരുന്നില്ല. പില്‍ക്കാലത്ത് ഘട്ടം ഘട്ടമായി നോട്ട് പിന്‍വലിച്ചു. നിലവിലെ സാഹചര്യത്തില്‍ 2000 രൂപ നോട്ട് നിരോധനം 2016 ലെ നോട്ട് നിരോധന സാഹചര്യം പോലെ ജനത്തെ വലയ്ക്കില്ലെന്നാണ് കരുതുന്നത്. വിപണിയില്‍ 2000 രൂപ നോട്ട് ലഭ്യത കുറഞ്ഞതാണ് ഇതിന് കാരണം.
