Type Here to Get Search Results !

അനാഥമായ കെട്ടിടങ്ങള്‍ തെരുവുനായകള്‍ താവളമാക്കുന്നു

നിര്‍മാണം നിലച്ചതും പാതിവഴിയില്‍ നിര്‍ത്തിയതുമായ ബഹുനിലക്കെട്ടിടങ്ങള്‍ തെരുവുനായ്ക്കളുടെയും കൊതുകിന്‍റെയും വിഹാര കേന്ദ്രങ്ങളാകുന്നു.
മഴ തുടങ്ങിയതോടെ ഈ കെട്ടിടങ്ങളുടെ താഴ്ഭാഗത്തെ വെള്ളക്കെട്ടുകളാണ് കൊതുകുകള്‍ക്ക് വളരാൻ വഴിയൊരുക്കുന്നത്. നഗരസഭയിലെ മാനത്തുമംഗലം ബൈപ്പാസ് റോഡിലും മറ്റുമാണ് ഇത്തരം കെട്ടിടങ്ങള്‍ ഏറെയുള്ളത്. 

വെള്ളം നിറയുന്ന പ്രദേശമായതിനാലും മുഴുവൻ പണികളും തീരാത്തതിനാലും ഇത്തരം കെട്ടിടങ്ങളുടെ ഭൂഗര്‍ഭ നിലകളിലും മറ്റും വെള്ളം കെട്ടിനില്‍ക്കുന്നുണ്ട്. വ്യാപാര കേന്ദ്രങ്ങള്‍ക്കായുള്ള ഇതുപോലത്തെ കെട്ടിടങ്ങളുടെ സമീപത്ത് താമസിക്കുന്ന വീട്ടുകാരാണ് കൊതുകുശല്യത്താല്‍ പ്രയാസത്തിലാകുന്നത്. സ്ഥലത്തിന്‍റെയോ കെട്ടിടത്തിന്‍റെയോ ഉടമകളെ കാണാനും സാധിക്കാത്തതിനാല്‍ പരാതി പറയാനും പറ്റുന്നില്ല. പണിക്കാര്‍ മാത്രമാണ് പലയിടത്തുമുള്ളതെന്നും നാട്ടുകാര്‍ പറയുന്നു. 

പാതിനിര്‍മിച്ച കെട്ടിടങ്ങളില്‍ മഴകൊള്ളാതെ കഴിയാമെന്നതിനാല്‍ തെരുവുനായ്ക്കളും ഇങ്ങനെയുള്ള കെട്ടിടങ്ങളില്‍ താവളമാക്കുന്നു. ഇതോടെ പരിസരത്തുള്ളവര്‍ക്ക് വഴിയിലിറങ്ങി നടക്കാനാവാത്ത സ്ഥിതിയുണ്ട്. ആളെ കാണുന്പോള്‍ കൂട്ടത്തോടെ ഇറങ്ങിവരുന്ന നായ്ക്കള്‍ വലിയ ഭീതിയുണ്ടാക്കുന്നു. 

മഴക്കാല പൂര്‍വ ശുചീകരണത്തിന്‍റെ ഭാഗമായി വാര്‍ഡുകളില്‍ മുഴുവനും ശുചീകരണം നടത്താനും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനും നഗരസഭ തീരുമാനിച്ചിരുന്നു. ഇത്തരം കെട്ടിടങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കാനും കൂടി നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.