Type Here to Get Search Results !

പ്ലസ് വണ്‍ പ്രവേശനം മധ്യഘട്ടത്തില്‍; ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി

പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി.
പ്ലസ് വണ്‍ പ്രവേശനം മധ്യഘട്ടത്തില്‍ ആണ്. മൂന്നാം ഘട്ട അലോട്മെന്റ് കഴിഞ്ഞതിന് ശേഷമേ അലോട്മെന്റ് സംബന്ധിച്ച ചിത്രം വ്യക്തമാവൂ എന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

വി ശിവൻകുട്ടിയുടെ കുറിപ്പില്‍ നിന്ന്: 'നിലവില്‍ ഒന്നും രണ്ടും ഘട്ടങ്ങളില്‍ ആയി 2,22,377 പേര്‍ പ്രവേശനം നേടിക്കഴിഞ്ഞു. മൂന്നാം അലോട്മെന്റില്‍ 84,794 സീറ്റുകളില്‍ കൂടി പ്രവേശനം ഉണ്ടാകും. സ്‌പോര്‍ട്സ് ക്വാട്ടയില്‍ 3,841 സീറ്റുകള്‍ ഉണ്ട്. അങ്ങിനെ മൂന്ന് അലോട്ട്മെന്റുകളില്‍ ആയി 3,11,012 പേര്‍ പ്രവേശനം നേടുമെന്ന് കരുതുന്നു. കൂടാതെ കമ്മ്യൂണിറ്റി ക്വാട്ടയില്‍ 23,914 സീറ്റുകളും മാനേജ്‌മെന്റ് ക്വാട്ടയില്‍ 37,995 സീറ്റുകളും ഉണ്ട്. അണ്‍ എയിഡഡ് ക്വാട്ടയില്‍ 54,585 സീറ്റുകള്‍ ആണുള്ളത്.

അങ്ങിനെ മൊത്തം 4,27,506 സീറ്റുകള്‍ നിലവില്‍ ഉണ്ട്. ഈ വര്‍ഷം എസ് എസ് എല്‍ സി പാസായവര്‍ 4,17,944 ആണ്. ഇത്തവണ ഉപരി പഠനത്തിന് യോഗ്യത നേടിയ മുഴുവൻ കുട്ടികളും പ്രവേശനം നേടിയാലും ഹയര്‍സെക്കണ്ടറിയില്‍ മാത്രം സീറ്റുകള്‍ അധികം ഉണ്ടാകും. ഇത് കൂടാതെയാണ് വോക്കേഷണല്‍ ഹയര്‍സെക്കണ്ടറി, പോളിടെക്നിക്, ഐ ടി ഐ സീറ്റുകള്‍ ഉള്ളത്. 1,04,449 സീറ്റുകള്‍ ആണ് ഈ സ്ട്രീമുകളിലായി ഉള്ളത്.

ഇനി മലപ്പുറം ജില്ല തന്നെ ഉദാഹരിക്കാം. മലപ്പുറം ജില്ലയില്‍ 81,022 അപേക്ഷകരാണ് ഉള്ളത്. ഇതില്‍ 7008 പേര്‍ മറ്റു ജില്ലകളില്‍ നിന്നുള്ളവരാണ്. മലപ്പുറം ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലായി 56,500 സീറ്റുകള്‍ ഉണ്ട്. അണ്‍എയ്ഡഡ് സ്കൂളുകളില്‍ 11,286 സീറ്റുകള്‍ ആണുള്ളത്. അതായത് മലപ്പുറം ജില്ലയില്‍ ഹയര്‍ സെക്കൻഡറിക്കായി മാത്രം 67,786 സീറ്റുകള്‍ ഉണ്ട്. വെക്കേഷണല്‍ ഹയര്‍ സെക്കൻഡറിയില്‍ 2,820 സീറ്റുകള്‍ ഉണ്ട്. കൂടാതെ പോളിടെക്നിക്, ഐടിഐ എന്നിവിടങ്ങളില്‍ 6364 സീറ്റുകള്‍ ഉണ്ട് . ഇതെല്ലാം അടക്കം 76,970 സീറ്റുകള്‍ മലപ്പുറം ജില്ലയില്‍ ഉണ്ട്. ഐടിസിയുടെ കണക്ക് ഇതില്‍ വരുന്നുമില്ല.

മലപ്പുറത്ത് ഒന്നും രണ്ടും ഘട്ട അലോട്ട്മെന്റ് കഴിഞ്ഞപ്പോള്‍ പ്രവേശന ലിസ്റ്റില്‍ വന്ന 4,886 കുട്ടികള്‍ ഏകജാലകം വഴി അര്‍ഹമായ സീറ്റുകളില്‍ ചേര്‍ന്നില്ല എന്നതും കാണണം. അത്രയും സീറ്റുകള്‍ അടുത്തഘട്ടം അലോട്ട്മെന്റില്‍ ഒഴിവുള്ള സീറ്റുകളായി പരിഗണിക്കപ്പെടും. മൂന്നാംഘട്ട അലോട്മെന്റോടുകൂടി വലിയ വിഭാഗം കുട്ടികള്‍ക്കും പ്രവേശനം ലഭ്യമാകും.

പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും യാതൊരു ആശങ്കയും വേണ്ടതില്ല. ഏതെങ്കിലും തരത്തില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതും പരിഹരിക്കാൻ ഉള്ള ശ്രമം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും. ഇതിന്റെ ഭാഗമായാണ് 14 ബാച്ചുകള്‍ മലപ്പുറത്തേയ്ക്ക് ട്രാൻസ്ഫര്‍ ചെയ്തത്. മൂന്നാം അലോട്മെന്റിനു ശേഷം താലൂക്കുതല, പഞ്ചായത്തുതല പരിശോധനകള്‍ ഉണ്ടാകും. ഇനിയും പ്രശ്നങ്ങള്‍ ഉള്ള മേഖലകള്‍ ഉണ്ടെങ്കില്‍ താത്കാലിക അധിക ബാച്ചുകള്‍ അനുവദിക്കും'.