ട്രോളിംഗ് നിരോധനവും കാലാവസ്ഥാ വ്യതിയാനവും മൂലം കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ഇത് വറുതിയുടെ പെരുന്നാളായിരുന്നു.
കുറച്ച് ദിവസങ്ങളായി കാലാവസ്ഥാ വ്യതിയാനം മൂലം ചെറുവള്ളങ്ങളില്‍ പോയി മീൻപിടിക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണ്. പെരുന്നാളിന് കുട്ടികള്‍ക്ക് പോലും പുതുവസ്ത്രം വാങ്ങാൻ പണമുണ്ടായിരുന്നില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ജൂണ്‍ ഒമ്ബതിന് ആരംഭിച്ച ട്രോളിംഗ് നിരോധനം ജൂലായ് 31 വരെ തുടരും. ഇതിന് ശേഷം മത്സ്യബന്ധന ബോട്ടുകള്‍ അറ്റകുറ്റപ്പണികള്‍ നടത്തി വേണം വെള്ളത്തിലിറക്കാൻ. ഇതിന് വലിയ തുക ആവശ്യമായതിനാല്‍ എങ്ങനെ കണ്ടെത്തുമെന്ന് അറിയാത്ത അവസ്ഥയിലാണ് പലരും. സഹകരണ സംഘങ്ങളില്‍ നിന്നും വട്ടിപ്പലിശക്കാരില്‍ നിന്നും കടമെടുത്തവരാണ് ഭൂരിഭാഗവും. പത്ത് തൊഴിലാളികള്‍ പോകുന്ന ബോട്ടിന് മൂന്ന് ദിവസത്തേക്ക് കടലില്‍ പോവാൻ 1,200 ലിറ്റര്‍ ഡീസലും 4,000 രൂപയുടെ ഭക്ഷണവും 10,500 രൂപയുടെ ഐസ് ബ്ലോക്കും ആവശ്യമാണ്. ചിലവിന്റെ പകുതിക്കുള്ള മത്സ്യം പോലും പലപ്പോഴും കിട്ടുന്നില്ലെന്ന് മത്സ്യതൊഴിലാളികള്‍ പറയുന്നു. പിടിച്ച് നില്‍ക്കാനുള്ള ബുദ്ധിമുട്ട് കാരണം ബോട്ടുകള്‍ കിട്ടുന്ന വിലയ്ക്ക് വിറ്റ് മറ്റ് തൊഴില്‍ തേടി പോകുന്നവരും പൊളിക്കാൻ കൊടുക്കുന്നവരും ഏറെയാണ്.
കിട്ടുന്നില്ല റേഷൻ
ട്രോളിംഗ് നിരോധനത്തെ തുടര്‍ന്ന് പ്രതിസന്ധിയായ മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യ റേഷൻ നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ഇതുവരെയും വിതരണം ചെയ്തിട്ടില്ല. ഓരോ മത്സ്യത്തൊഴിലാളികള്‍ക്കും 4,500 രൂപ സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും എന്ന് ലഭിക്കുമെന്ന കാര്യത്തിലും വ്യക്തതയില്ല. ജില്ലാ ഫിഷറീസ് ഓഫീസില്‍ നിന്നും മത്സ്യത്തൊഴിലാളികളുടെ പട്ടിക കൈമാറാത്തതാണ് റേഷൻ വിതരണം വൈകുന്നതിന് കാരണമെന്നാണ് ആരോപണം.
ദൈനംദിന ചെലവ് പോലും എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്നറിയാത്തതിനാല്‍ ഇത്തവണ പെരുന്നാള്‍ ആഘോഷങ്ങളില്ല. മക്കള്‍ക്ക് പോലും പെരുന്നാളിന് വസ്ത്രമെടുക്കാനുള്ള പൈസ കൈയിലില്ല. മകന്റെ ഫീസ് അടയ്ക്കാൻ ആകെ അവശേഷിക്കുന്ന വീടിന്റെ ആധാരം പണയം വെച്ചു.
പി.സക്കീര്‍, പൊന്നാനിയിലെ മത്സ്യത്തൊഴിലാളി
