Type Here to Get Search Results !

അക്രമികള്‍ ലക്ഷ്യമിട്ടത്പ്രതിശ്രുത വധുവിനെ; എത്തിയത് ആസൂത്രിതമായി


കല്ലമ്പലം : വിവാഹ പന്തലില്‍ വധുവിന്‍റെ പിതാവിനെ അടിച്ചുകൊന്ന അക്രമികള്‍ ലക്ഷ്യമിട്ടത് പ്രതിശ്രുത വധുവിനെ. വിവാഹാലോചന നിരസിച്ചതിലെ വൈരാഗ്യമാണത്രെ കാരണം.
സമീപവാസിയായ ജിഷ്ണു രാജുവിനോട് മകളെ വിവാഹം ചെയ്തു നല്‍കണമെന്നാവശ്യപ്പെട്ടിരുന്നു. ജിഷ്ണുവും കുടുംബവും മൂന്നുതവണ വിവാഹാലോചനയുമായി രാജുവിന്റെ വീട്ടിലെത്തിയിരുന്നു. ഒരുതവണ സഹോദരനൊപ്പവും രണ്ടു തവണ അമ്മയോടൊപ്പവും. ഒടുവില്‍ ഇനി ഇക്കാര്യം പറഞ്ഞ് വീട്ടില്‍ വരരുതെന്ന് രാജു താക്കീത് ചെയ്തു. ഇതോടെ പ്രതികളില്‍ വൈരാഗ്യം വളര്‍ന്നു.

രാത്രി അതിഥികളെല്ലാം പോയെന്ന് ഉറപ്പാക്കിയശേഷമാണ് ജിഷ്ണുവും സഹോദരന്‍ ജിജിനും രണ്ട് സുഹൃത്തുക്കളും എത്തിയത്. പുറത്ത് ബഹളം വെക്കുകയും സാധന സാമഗ്രികള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. ശബ്ദം കേട്ട് പുറത്തിറങ്ങിയ ശ്രീലക്ഷ്മിയെ മര്‍ദിച്ചു. നിലത്തുവീണ ശ്രീലക്ഷ്മിയെ ചവിട്ടി. തടയാൻ ശ്രമിച്ച രാജുവിനും ഭാര്യ ജയക്കും മര്‍ദനമേറ്റു. ബഹളം കേട്ട് ഓടിയെത്തിയ രാജുവിന്‍റെ സഹോദരി ഭര്‍ത്താവ് ദേവദത്തനും മര്‍ദനമേറ്റു. പ്രതികളിലൊരാള്‍ മണ്‍വെട്ടി കൊണ്ട് തലക്കടിച്ച രാജു ബോധമറ്റ് വീണു. അപ്പോഴേക്കും സമീപ വീടുകളിലുള്ളവര്‍ ബഹളവും നിലവിളിയും കേട്ട് ഓടിയെത്തി. ഇതോടെ പ്രതികള്‍ പുറത്തേക്കും ഓടി. ശ്രീലക്ഷ്മിക്ക് ശരീരമാസകലം മര്‍ദനമേറ്റു. 

വിവാഹ സല്‍ക്കാരത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തിരുന്നു. പതിനൊന്നരയോടെയാണ് ബന്ധുക്കളും നാട്ടുകാരും പൂര്‍ണമായും പിരിഞ്ഞുപോയത്. ഇതിനുശേഷമാണ് രാജുവിന്‍റെ മകൻ വിവാഹ സ്ഥലത്തെ ഒരുക്കം വിലയിരുത്താൻ ശിവഗിരിയിലേക്ക് പോയത്. എല്ലാവരും പോയെന്ന് ഉറപ്പാക്കിയശേഷമാണ് അക്രമികള്‍ വന്നത്.

ചോരവീണ്കല്യാണപ്പന്തല്‍

കല്ലമ്ബലം (തിരുവനന്തപുരം): മകളുടെ വിവാഹദിനത്തില്‍ പിതാവിനെ അയല്‍വാസികളടങ്ങുന്ന സംഘം കല്യാണപ്പന്തലില്‍ കടന്നുകയറി ആക്രമിച്ച്‌ കൊലപ്പെടുത്തി. കല്ലമ്ബലം വടശ്ശേരിക്കോണം ശ്രീലക്ഷ്മിയില്‍ രാജു ആണ് (61) കൊല്ലപ്പെട്ടത്. വിവാഹ സ്വീകരണത്തിനായി ഒരുക്കിയ പന്തലിലേക്ക് പിതാവിന്‍റെ ചേതനയറ്റ ശരീരമെത്തിയത് ഹൃദയഭേദകമായി. വിവാഹസന്തോഷത്തിലമരേണ്ട വീടും നാടും സങ്കടക്കടലായി. സംഭവത്തില്‍ അയല്‍വാസിയായ ജിഷ്ണു, സഹോദരൻ ജിജിൻ, സുഹൃത്തുക്കളായ ശ്യാം, മനു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. രാജുവിന്റെ മകളെ ജിഷ്ണു വിവാഹ അഭ്യര്‍ഥന നടത്തിയിരുന്നെങ്കിലും കുടുംബത്തിന് താല്‍പര്യമില്ലായിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലയില്‍ കലാശിച്ചത്. 

ബുധനാഴ്ച ശിവഗിരിയിലാണ് രാജുവിന്‍റെ മകള്‍ ശ്രീലക്ഷ്മിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹത്തോടനുബന്ധിച്ച്‌ ചൊവ്വാഴ്ച വീട്ടില്‍ വിവാഹ സല്‍ക്കാരമുണ്ടായിരുന്നു. തലേന്നുള്ള ഒരുക്കം കഴിഞ്ഞ് വിവാഹദിനത്തിലേക്ക് കടക്കവെ അര്‍ധരാത്രി പന്ത്രണ്ടരയോടെയാണു സംഭവം. ബന്ധുക്കളും നാട്ടുകാരും വീടുകളിലേക്കു മടങ്ങിയതിനു പിന്നാലെ നാലംഗ സംഘം വീട്ടിലേക്കെത്തി. ഈ സമയം രാജുവും ഭാര്യയും മകളും മാത്രമാണു വീട്ടിലുണ്ടായിരുന്നത്. രാജുവിന്റെ മകൻ സ്ഥലത്തുണ്ടായിരുന്നില്ല. സംഘര്‍ഷത്തിനും കൈയാങ്കളിക്കുമിടെ വീട്ടുകാരെ എല്ലാം സംഘം ആക്രമിച്ചു. രാജുവിനെ മണ്‍വെട്ടികൊണ്ട് ആക്രമിച്ചു. തലക്ക് അടിയേറ്റു വീണ രാജുവിനെ നാലുപേരും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു. രക്ഷിക്കാൻ ശ്രമിച്ചവര്‍ക്കെല്ലാം മര്‍ദനമേറ്റു. ബഹളം കേട്ട് അയല്‍ക്കാര്‍ ഓടിയെത്തിയതോടെ ആക്രമികള്‍ രക്ഷപ്പെട്ടു. രാജുവിനെ ഉടൻതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. രാജുവിന്‍റെ ഭാര്യ ജയ, മകള്‍, സഹോദരീ ഭര്‍ത്താവ് ദേവദത്തൻ എന്നിവര്‍ക്കെല്ലാം ആക്രമണത്തില്‍ പരിക്കേറ്റു. 

ഒന്നോടെയാണ് പൊലീസ് സ്റ്റേഷനില്‍ ഫോണില്‍ വിവരം അറിഞ്ഞത്. പൊലീസ് ഉടൻ സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടെ പ്രതികളെ പുലരും മുമ്ബ് പൊലീസ് പിടികൂടി. രാജു ഗള്‍ഫില്‍നിന്ന് മടങ്ങി വന്ന ശേഷം നാട്ടില്‍ ഓട്ടോ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്കരിച്ചു.