കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ അങ്ങാടിപ്പുറത്തെ വീതി കുറഞ്ഞ ഓരാടംപാലത്തില്‍ കണ്ടെയ്നര്‍ ലോറിയും പച്ചക്കറി കയറ്റിവന്ന പിക്കപ്പും കൂട്ടിയിടിച്ചു.
തിങ്കളാഴ്ച പുലര്‍ച്ചെ 4.30ഓടെയാണ് അപകടം. തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം പൂര്‍ണമായി നിലച്ചു. പിക്കപ്പ് ഡ്രൈവര്‍ക്ക് നിസ്സാര പരിക്കേറ്റു.
പെരിന്തല്‍മണ്ണ ഭാഗത്തേക്ക് പോകുന്ന ലോറി എതിര്‍ ദിശയില്‍ വന്ന കര്‍ണാടക രജിസ്ട്രേഷനുള്ള പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്നതോടെ കാല്‍നട പോലും സാധ്യമാവാത്ത രീതിയില്‍ തടസ്സം രൂപപ്പെട്ടു. ക്രെയിനെത്തിച്ച് വാഹനങ്ങള്‍ നീക്കുന്നത് വരെ ഗതാഗത തടസ്സം തുടര്‍ന്നു. മലപ്പുറം, മഞ്ചേരി ഭാഗത്തുനിന്ന് പെരിന്തല്‍മണ്ണയിലേക്ക് പോകുന്ന വാഹനങ്ങള്‍ വലമ്ബൂര്‍-പട്ടിക്കാട് റോഡ് വഴിയും പെരിന്തല്‍മണ്ണയില്‍നിന്ന് മലപ്പുറം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ അങ്ങാടിപ്പുറം കെ.എസ്.ഇ.ബി ഓഫിസിന് സമീപത്തെ റോഡിലൂടെ ചെരക്കാപ്പറമ്ബ് വഴിയും തിരിച്ചുവിട്ടു.
പാലത്തിന്റെ കൈവരി തകര്‍ത്ത് വലിയ വാഹനങ്ങളും ചരക്ക് വാഹനങ്ങളും തോട്ടില്‍ വീഴുന്നത് ഇവിടെ പതിവാണ്. പാലം പുതുക്കിപ്പണിയാൻ നാലുവര്‍ഷം മുമ്ബ് എൻ.എച്ച് വിഭാഗം പദ്ധതി സമര്‍പ്പിച്ചിരുന്നു. എന്നാല്‍, ഈ പാത സംസ്ഥാന മരാമത്തിലെ എൻ.എച്ച് വിഭാഗത്തില്‍നിന്ന് നാഷനല്‍ ഹൈവേസ് അതോറിറ്റി (എൻ.എച്ച്.എ) ഏറ്റെടുത്തതോടെ പദ്ധതി മുടങ്ങി.
ദേശീയപാത രണ്ടുവരി ഗതാഗത്തിന് സൗകര്യമുള്ളപ്പോള്‍ നൂറ്റാണ്ടു പിന്നിടുന്ന ഓരാടംപാലത്തിന് റോഡിന്റെ പകുതിയോളമേ വീതിയുള്ളൂ. പരിചയക്കുറവുള്ള ഡ്രൈവര്‍മാരാണ് ഇവിടെ അപകടത്തില്‍ പെടുന്നത്. ഓരാടം പാലം മുതല്‍ മാനത്തുമംഗലം വരെയുള്ള നിര്‍ദിഷ്ഠ ബൈപാസ് പദ്ധതിയും ഇരുളടഞ്ഞ നിലയിലാണ്. ബൈപാസിനോട് സര്‍ക്കാര്‍ പുറംതിരിഞ്ഞു നിന്നിട്ടും പദ്ധതിക്ക് മുറവിളി കൂട്ടിയിരുന്ന പെരിന്തല്‍മണ്ണ, മങ്കട മണ്ഡലങ്ങളിലെ എം.എല്‍.എമാരും ഇപ്പോള്‍ നിശ്ശബ്ദരാണ്.
ഡ്രൈവറെ പുറത്തെടുത്തത് ഏറെനേരം നീണ്ട ശ്രമത്തിനൊടുവില്‍
പെരിന്തല്‍മണ്ണ: ഓരാടംപാലത്തില്‍ കണ്ടയ്നറും പിക്കപ്പും കൂട്ടിയിടിച്ച് പുറത്തിറങ്ങാനാവാത്ത വിധം പിക്കപ്പിനകത്ത് കുടുങ്ങിയ ഡ്രൈവറെ ഫയര്‍ ആൻഡ് റസ്ക്യൂ വിഭാഗം പുറത്തെടുത്തു. ഒരു മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ശേഷമാണ് പുറത്തെടുത്തത്.
ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് വാഹനത്തിന്റെ ചില ഭാഗങ്ങള്‍ അകത്തിയും മുറിച്ചെടുത്താണ് ഡ്രൈവറെ പുറത്തെടുത്തത്. ഡ്രൈവറുടെ കാലാണ് കുടുങ്ങിയത്. പെരിന്തല്‍മണ്ണയില്‍നിന്ന് സീനിയര്‍ ഫയര്‍ ആൻഡ് റസ്ക്യൂ ഓഫിസര്‍ പി. ബൈജുവിന്റെ നേതൃത്വത്തില്‍ സംഘമെത്തി ഒരു മണിക്കൂറോളം ശ്രമിച്ചാണിത് സാധ്യമാക്കിയത്.
വാഹനത്തിലുണ്ടായിരുന്നയാള്‍ക്ക് ഗുരുതര പരിക്കില്ല. എങ്കിലും രക്ഷാപ്രവര്‍ത്തനം നടക്കുമ്ബോള്‍ പൊലീസും ആംബുലൻസും തയാറായി നിന്നിരുന്നു. മുറിവുകളോടെ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫയര്‍ ആൻഡ് റസ്ക്യൂ ഓഫിസര്‍മാരായ മുഹമ്മദ് ഷിബിൻ, ഫിറോസ്, അനീഷ്, സുബ്രഹ്മണ്യൻ, വിശ്വനാഥൻ എന്നിവരായിരന്നു രക്ഷാപ്രവര്‍ത്തന സംഘത്തില്‍.
