Type Here to Get Search Results !

ഫറോക്കില്‍ നവദമ്ബതികളുടെ ആത്മഹത്യ ശ്രമം: രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയത് മഞ്ചേരി സ്വദേശികള്‍

ഫറോക്ക് പുതിയ പാലത്തില്‍നിന്ന് ചാലിയാര്‍ പുഴയില്‍ ചാടിയ നവദമ്ബതികളില്‍ ഭാര്യയെ രക്ഷപ്പെടുത്താൻ മുന്നിട്ടിറങ്ങിയത് മഞ്ചേരി സ്വദേശികള്‍.തുറക്കല്‍ സ്വദേശി പാറപ്പുറത്ത് വീട്ടില്‍ ഫൈസല്‍ കുരിക്കള്‍ (42), സുഹൃത്തായ മുള്ളമ്ബാറ ഏലായി മുഹമ്മദ്‌ ശരീഫ് (45) എന്നിവരുടെ ഇടപെടല്‍ മൂലമാണ് ഒരാളുടെ ജീവൻ രക്ഷിക്കാൻ സാധിച്ചത്.
കഴിഞ്ഞ ദിവസം മഞ്ചേരി ജെ.ടി.എസ് റോഡില്‍ പുളിയഞ്ചേരി ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന കാര്യമണ്ണില്‍ പരേതനായ സാജു തോമസിന്റെ മകൻ ജിതിൻ (31), ഭാര്യ എടപ്പാള്‍ സ്വദേശി വര്‍ഷ (24) എന്നിവരാണ് ചാടിയത്. ഫൈസലിന്റെയും ശരീഫിന്റെയും സമയോചിതമായി ഇടപെടലാണ് വര്‍ഷയെ രക്ഷിക്കാൻ സഹായിച്ചത്. 

സമീപത്ത് ഉണ്ടായിരുന്ന ലോറിയിലെ കയറിട്ടുകൊടുത്താണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഞായറാഴ്ച രാവിലെ 10.15നാണ് സംഭവം.വ്യാപാരാവശ്യാര്‍ഥം കോഴിക്കോട് നല്ലളത്ത് പോയി നാട്ടിലേക്ക് തിരിച്ച്‌ വരികയായിരുന്നു ഇവര്‍. ഫറോക്ക് പാലത്തില്‍ എത്തിയപ്പോള്‍ ആളുകള്‍ തലയില്‍ കൈവച്ച്‌ നില്‍ക്കുന്നതാണ് കണ്ടത്. ഇറങ്ങി നോക്കിയപ്പോള്‍ രണ്ടുപേര്‍ പുഴയില്‍ കൈകാലിട്ടടിക്കുന്നതു കണ്ടു. ഇവരെ രക്ഷിക്കാനുള്ള വഴി നോക്കുമ്ബോഴാണ് പാലത്തില്‍ നിര്‍ത്തിയ ലോറി കണ്ടത്. വാഴക്കാട് സ്വദേശിയും ലോറി ഡ്രൈവറുമായ ജാബിറും ഇവര്‍ക്കൊപ്പം ചേര്‍ന്നു. തുടര്‍ന്ന് ലോറിയില്‍നിന്ന് കയറെടുത്ത് പുഴയിലേക്ക് എറിഞ്ഞ് കൊടുക്കുകയായിരുന്നു.

യുവതിക്കു കയറില്‍ പിടിത്തം കിട്ടി. യുവാവ് കുറച്ച്‌ അകലെയായതിനാല്‍ കയറിനരികിലേക്ക് എത്താന്‍ കഴിഞ്ഞില്ല. ഈ സമയം അതുവഴി പോയ തോണിക്കാരനെ വിളിച്ച്‌ സഹായമഭ്യര്‍ഥിച്ചു. തോണിക്കാരന്‍ തുഴഞ്ഞെത്തി തുഴ നീട്ടി പിടിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും യുവാവിന് കഴിഞ്ഞില്ല. വള്ളത്തില്‍ പിടിക്കാന്‍ ശ്രമിച്ച ജിതിൻ മുങ്ങിത്താഴുകയായിരുന്നു. വര്‍ഷയെ വള്ളത്തില്‍ വലിച്ചുകയറ്റിയാണ് കരക്കടുപ്പിച്ചത്. 

തിങ്കളാഴ്ച ഉച്ചയോടെ ജിതിന്റെ മൃതദേഹം കണ്ടെത്തി. ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞെന്ന ചാരിതാര്‍ഥ്യത്തിലും ജിതിനെ രക്ഷിക്കാൻ കഴിയാത്തതില്‍ വലിയ സങ്കടമുണ്ടെന്നും ഇരുവരും പറഞ്ഞു. മുട്ടിപ്പാലം ഉള്ളാടംകുന്ന് സ്വദേശി അൻവറും ഇവരോടൊപ്പം ഉണ്ടായിരുന്നു.