Type Here to Get Search Results !

തിരൂര്‍ നഗരസഭയുടെ ജനസേവന കേന്ദ്രം തെരുവുനായകളുടെ സുഖവാസ കേന്ദ്രമായി മാറുന്നു. തിരൂര്‍ നഗരസഭ കെട്ടിടത്തിലാണ് ജനസേവന കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.


പത്തോളം തെരുവുനായ്ക്കളെ ഇവിടെ എപ്പോഴും കാണാം. തിരൂര്‍ ജില്ലാ ആശുപത്രിയിലേക്കും സമീപത്തെ സ്‌കൂളുകളിലേക്കും മറ്റും പോകുന്നവര്‍ക്ക് ഈ നായ്ക്കള്‍ സൃഷ്ടിക്കുന്ന തലവേദന ചില്ലറയല്ല.
സമീപത്തെ മിനി സിവില്‍ സ്റ്റേഷൻ പരിസരത്തും ജില്ലാ ഹോസ്പിറ്റല്‍ പരിസരത്തുമൊക്കെ സമാന കാഴ്ചകളുണ്ട്. ജില്ലാ ആശുപത്രിയിലേക്ക് അതിരാവിലെ വരുന്ന പ്രായമായ രോഗികള്‍ക്കാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുന്നത്. അഞ്ചും പത്തും നായ്ക്കള്‍ കൂട്ടത്തോടെ നില്‍ക്കുമ്ബോള്‍ വാഹനങ്ങള്‍ക്ക് പോലും കടന്ന് പോവാൻ പാടാണ്. തിരൂര്‍ നഗരത്തില്‍ പട്ടികള്‍ പെറ്റുപെരുകുകയാണ്. പുലര്‍ച്ചെ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്കും മദ്രസയിലും ട്യൂഷ്യൻ സെന്ററുകളിലും പോകുന്ന കുട്ടികള്‍ക്കും വരെ കൈയില്‍ വടിയോ മറ്റു വസ്തുക്കളോ കരുതിയേ റോഡിലിറങ്ങാനാവൂ. തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ദൂര യാത്ര കഴിഞ്ഞ് രാത്രിയില്‍ ട്രെയിനിറങ്ങി വരുന്ന യാത്രക്കാര്‍ക്ക് ബസ് സ്റ്റാൻഡിലേക്കോ സിറ്റി ജംഗ്ഷനിലേക്കോ നടന്നു പോകാനും ബുദ്ധിമുട്ടേറെയാണ്. എത്രയും വേഗം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.