ഇന്റര്‍നെറ്റ് ഇല്ലാത്ത ലോകം ഇന്ന് സങ്കല്‍പ്പിക്കാൻ പോലുമാകാത്ത ഒന്നായി മാറിയിരിക്കുകയാണ്. സ്ഥാപനങ്ങളും സ്‌കൂളുകളും, സിനിമാ മേഖലയുടക്കം എല്ലായിടത്തും ഇന്റര്‍നെറ്റ് ഒഴിച്ചുകൂടാനാകാത്തതായി മാറിക്കഴിഞ്ഞു.
എന്നാല്‍ ഇന്റര്‍നെറ്റ് ആഗോള തകര്‍ച്ച നേരിടുമെന്ന് അടുത്തിടെയായി അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. ഇതില്‍ എത്രമാത്രം സത്യാവസ്ഥയുണ്ടെന്ന് നോക്കാം. മാസങ്ങളോളം ഇന്റര്‍നെറ്റ് സേവനം ലഭിക്കില്ലെന്നാണ് വാര്‍ത്തകള്‍ പരക്കുന്നത്. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ കമ്ബ്യൂട്ടര്‍ സയന്റിസ്റ്റായ സംഗീത അബ്ദു ജ്യോതി 2021ല്‍ നടത്തിയ പഠനത്തിലാണ് ഇത് സംബന്ധിച്ച ആദ്യ സൂചന പുറത്തുവന്നത്. സൂര്യനൊന്ന് കൂടുതല്‍ ചൂടായാല്‍ മാസങ്ങളോളം നമുക്ക് ഇന്റര്‍നെറ്റ് സേവനം ലഭിക്കില്ലെന്ന് പഠനത്തില്‍ പറയുന്നു. അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ മഹാദുരന്തത്തിന് ഇടയാക്കുന്ന സൗരകൊടുങ്കാറ്റ് ഉണ്ടാക്കുമെന്നാണ് ജ്യോതി മുന്നറിയിപ്പ് നല്‍കുന്നത്.
2024-25 കാലഘട്ടത്തില്‍ ഇന്റര്‍നെറ്റ് തകരാറ് സംഭവിക്കാനുള്ള സാദ്ധ്യത 1.6 മുതല്‍ 12 ശതമാനം വരെയാണെന്ന് പഠനത്തില്‍ പറയുന്നു. 2012ല്‍ ഇത്തരത്തിലൊന്ന് സൗരകൊടുങ്കാറ്റ് ഭൂമിയെ തൊട്ടുതൊട്ടില്ലെന്ന രീതിയില്‍ കടന്നുപോയിരുന്നു.
എന്താണ് സൗരകൊടുങ്കാറ്റ്
സൂര്യനില്‍ നിന്ന് ഉത്ഭവിക്കുന്ന, ഭൂമിയില്‍ നാം അനുഭവിക്കുന്ന അന്തരീക്ഷ സ്വാധീനങ്ങളെയാണ് സൗരകൊടുങ്കാറ്റ് എന്ന് വിളിക്കുന്നത്. സാധാരണയായി സൗരജ്വാലകള്‍ (ആളിക്കത്തലുകള്‍- സോളാര്‍ മാക്‌സിമം) മൂലമാണ് ഇത് ഉണ്ടാകുന്നത്. ഇത്തരം കൊടുങ്കാറ്റിന്റെ ഫലമായി വൈദ്യുതകാന്തിക മണ്ഡലത്തിന്റെ ഒരു പ്രവാഹം ഭൂമിയിലേയ്ക്ക് ശക്തമായി പതിക്കുന്നു. ഇതാണ് ദ്രുവദീപ്‌തി അഥവാ നോര്‍ത്തേണ്‍ ലൈറ്റ്‌സ് എന്ന പ്രതിഭാസത്തിന് കാരണമാകുന്നത് (പ്രത്യേക നിറങ്ങളിലെ കിരണങ്ങള്‍ ആകാശത്തിലായി കാണപ്പെടുന്നത്).
സോളാര്‍ മാക്‌സിമം എന്ന പ്രതിഭാസം വരും വര്‍ഷങ്ങളില്‍ സംഭവിക്കുമെന്നാണ് പ്രവചനം. ഇത് സാറ്റലൈറ്റുകള്‍ക്ക് ഭീഷണിയാകാം, വൈദ്യുതി, ഇന്റര്‍നെറ്റ് എന്നിവ നിലയ്ക്കുന്നതിന് കാരണമാകാം. ഇത് ഒരു ദിവസത്തേക്കോ മാസങ്ങളോളമോ സംഭവിക്കാം. 1859ല്‍ ലോകമൊട്ടാകെ ഇത്തരം നോര്‍ത്തേണ്‍ ലൈറ്റ്‌സ് പ്രത്യക്ഷപ്പെട്ടിരുന്നു. 2011ല്‍ ഇത്തരമൊരു ഭൂകാന്തിക കൊടുങ്കാറ്റ് ദക്ഷിണ ചൈനയിലെ റേഡിയോ സിഗ്നലുകള്‍ക്ക് തകരാര്‍ വരുത്തിയിരുന്നു.
നാസ
സൗരകൊടുങ്കാറ്റിനെ ഗൗരവപൂര്‍വമാണ് നാസ നിരീക്ഷിക്കുന്നത്. സൂര്യന്റെ അന്തരീക്ഷത്തെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കാൻ പാര്‍ക്കര്‍ സോളാര്‍ പ്രോബ് വിക്ഷേപിച്ചിരിക്കുകയാണ് നാസ. സൗര കൊടുങ്കാറ്റുകള്‍ 11 വര്‍ഷത്തെ ചക്രത്തിലാണ് ഉണ്ടാകുന്നതെന്നാണ് നാസയുടെ നിരീക്ഷണം. അവയുടെ ആവൃത്തിയില്‍ വ്യത്യാസമുണ്ടെന്നും നാസ കരുതുന്നു. ശക്തമായ ഭൂകാന്തിക കൊടുങ്കാറ്റുകള്‍ സാറ്റലൈറ്റ്, റേഡിയോ, ഇന്റര്‍നെറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസമുണ്ടാക്കുന്നതിനാല്‍ അവയുടെ തീവ്രതയും വ്യത്യാസപ്പെടാമെന്നും നാസ വ്യക്തമാക്കുന്നു.
