Type Here to Get Search Results !

'മറ്റേ മോനേ... കേരളത്തില്‍ എയിംസ് വരും', പൊതുവേദിയില്‍ സുരേഷ് ഗോപിയുടെ അധിക്ഷേപ പരാമര്‍ശം


പൊതുവേദിയില്‍ അധിക്ഷേപ പരാമർശവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃപ്പൂണിത്തുറ എൻഎം ഹാളില്‍ ബിജെപി സംഘടിപ്പിച്ച 'വികസിത തൃപ്പൂണിത്തുറയ്ക്കായി' യാേഗം ഉദ്ഘാടനം ചെയ്യവെ, എയിംസ് കേരളത്തിലേക്ക് വരുമെന്ന് അവകാശപ്പെട്ടുകൊണ്ട് ആരുടെയും പേരുപറയാതെയാണ് സുരേഷ് ഗോപി അധിക്ഷേപ പരാമർശം നടത്തിയത്.

കേരളത്തില്‍ എയിംസ് വരും മറ്റേ മോനേ.. എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

'പുച്ഛം കാണും. കേരളത്തില്‍ എയിംസ് വരുമെന്ന് പറയുമ്പോള്‍ പലരും അങ്കലാപ്പിലാകുന്നുണ്ട്. പുച്ഛിക്കും. അത് അവരുടെ ഡിഎൻഎയാണ്. അതവർ ചെയ്തുകൊണ്ടിരിക്കട്ടേ. പിഒഎസ് മെഷീനെക്കുറിച്ചും ഇന്ത്യയിലെ സാധാരണക്കാരായ ആളുകളുടെ പച്ചക്കറി മാർക്കറ്റില്‍ വരെ ഡിജിറ്റല്‍ ട്രാൻസാക്ഷൻ വരുമെന്നും അരുണ്‍ ജെ‌യ്‌റ്റ്‌ലി പറഞ്ഞപ്പോള്‍ രാജ്യസഭയില്‍ നിന്നുകൊണ്ട് വലിയ സാമ്പത്തിക വിദഗ്ദ്ധൻ, സുപ്രീംകോടതിയിലെ വലിയ വക്കീല്‍ രാജാവ് എന്താണ് പുച്ഛിച്ചതെന്ന് നിങ്ങള്‍ കണ്ടതല്ലേ?. പിന്നേ ഉരുളക്കിഴങ്ങും തക്കാളിയുമൊക്കെ വില്‍ക്കുന്നവർ ഉടൻതന്നെ പിഒഎസ് ഒക്കെവച്ച്‌ ഒണ്ടാക്കിക്കളയും. അവരുടെ അടുത്ത് പിഒഎസ് മെഷീനുണ്ടോ, ചാർജ് ചെയ്യാൻ സൗകര്യമുണ്ടോ, വൈഫൈ കണക്ഷനുണ്ടോ എന്നൊക്കെയല്ലേ ചോദിച്ചത്.

ഇന്ന് രാജ്യം എന്താണ്. ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ ഒരുസംഘം വന്നപ്പോള്‍ രാജ്യത്തെ സാധാരണക്കാരായ സ്ത്രീകള്‍ എന്താണ് പറഞ്ഞത്. വീ ഡോണ്ട് ടേക്ക് കറൻസി... എന്നിടത്ത് എത്തിയെങ്കില്‍ കേരളത്തില്‍ എയിംസ് വരും മറ്റേ മോനേ എന്നുമാത്രമേ എനിക്ക് പറയാൻ പറ്റൂ. തീർച്ചയായും കേരളത്തിലെ ഒരു ജില്ലയില്‍ എയിംസ് വരും. അത് വരും എന്നുപറയുന്നത് ആരെയൊക്കെയോ ഭയപ്പെടുത്തുന്നുണ്ട്. അങ്ങനെയുള്ളവർ ആ ഭയത്തില്‍ മുങ്ങി മരിക്കട്ടെ. നിലവില്‍ രണ്ടുജില്ലകളെ കേന്ദ്രീകരിച്ചാണ് കേരളത്തില്‍ എയിംസ് ചർച്ചകള്‍ നടക്കുന്നത്. എന്നാല്‍ വികസന കാര്യത്തില്‍ അവഗണിക്കപ്പെട്ടുകിടക്കുന്ന ജില്ല എന്നനിലയില്‍ ആലപ്പുഴയ്ക്ക് എയിംസിനായി മുൻഗണന നല്‍കണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ആലപ്പുഴയിലല്ലെങ്കില്‍ തൃശൂരിന് എയിംസ് നല്‍കുന്നതാണ് നീതി- സുരേഷ് ഗോപി പറഞ്ഞു.