സിം കാർഡുകള്‍ രാസവസ്തുക്കള്‍ നിറച്ച ബാരലുകളില്‍ മുക്കിവെച്ച്, തുരുമ്പെടുപ്പിക്കല്‍, സ്ഥാനമാറ്റം, ചൂടാക്കല്‍ തുടങ്ങിയ നിരവധി രാസപ്രവർത്തനങ്ങളിലൂടെ ക്വിയാവോ സ്വർണ്ണം വേർതിരിക്കുന്നതാണ് വീഡിയോയിലുള്ളത്. അരിച്ചെടുത്ത് ശുദ്ധീകരിച്ച ശേഷം, ഏകദേശം 200,000 യുവാൻ (ഏകദേശം 26 ലക്ഷം രൂപ) വിലമതിക്കുന്ന 191 ഗ്രാം സ്വർണ്ണം ക്വിയാവോ നേടിയത്. എന്നാല്‍ സിം കാർഡില്‍ നിന്ന് സ്വർണം വേർതിരിക്കുന്നത് ചില്ലറ കാര്യമല്ല. ടണ്‍ കണക്കിന് ഇ വേസ്റ്റ് ഇതിനായി ആവശ്യം വരാറുണ്ട്. ഒരു സാധാരണ സിം കാർഡില്‍ 0.01 ഗ്രാമില്‍ താഴെ സ്വർണ്ണമേ ഉണ്ടാകൂ. അതായത്, കാര്യമായ അളവില്‍ സ്വർണ്ണം ലഭിക്കാൻ വലിയ തോതില്‍ സിം കാർഡുകളും, ബാങ്ക് കാർഡ് ചിപ്പുകളും, മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങളും ആവശ്യമാണ്. സിം കാർഡുകളുടെ പ്രധാന ഭാഗങ്ങള്‍ സ്ഥിരതയും തുരുമ്പ് പിടിക്കാതിരിക്കാനുമാണ് സ്വർണ പൂശുന്നത്. വീഡിയോ വൈറലായതോടെ ആല്‍ക്കമിസ്റ്റ് എന്ന വിളിപ്പേര് ലഭിച്ചിട്ടുണ്ട് ക്വിയാവോയ്ക്ക്. എന്നാല്‍ നിയമപരമായ അനുമതിയും ലൈസൻസുമില്ലാതെ ഇലക്‌ട്രോണിക് മാലിന്യങ്ങള്‍ സംസ്കരിക്കുന്നത് കുറ്റകരമാണെന്നും ക്വിയാവോ വീഡിയോയില്‍ വിശദമാക്കുന്നുണ്ട്.
ശരിയായ അറിവും ഉപകരണങ്ങളുമില്ലാതെ ഈ പ്രക്രിയ പരീക്ഷിക്കുന്നത് ഗുരുതരമായ സുരക്ഷാ അപകടങ്ങള്‍ ഉണ്ടാക്കുമെന്നും നിയമവിരുദ്ധമാകുമെന്നും ക്വിയാവോ മുന്നറിയിപ്പ് നല്‍കുന്നത്. ഇ-മാലിന്യത്തില്‍, പ്രത്യേകിച്ച് ടെലികമ്മ്യൂണിക്കേഷൻ, ഇലക്‌ട്രോണിക് ഉപകരണങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന മൂല്യത്തിലേക്ക് വെളിച്ചം വീശുന്നതാണ് ക്വിയാവോയുടെ വീഡിയോ. ഉപേക്ഷിച്ച ഇലക്‌ട്രോണിക് ഉപകരണങ്ങളില്‍ നിന്ന് സ്വർണ്ണം പോലുള്ള ലോഹങ്ങള്‍ റീസൈക്കിള്‍ ചെയ്യുന്നത് ലാഭകരം മാത്രമല്ല, പരിസ്ഥിതിക്കും പ്രധാനമാണ്. ഇത് ഖനനത്തിന്റെ ആവശ്യകത കുറയ്ക്കുകയും ഇലക്‌ട്രോണിക് മലിനീകരണം പരിമിതപ്പെടുത്തുകയും ചെയ്യുന്നു.
