Type Here to Get Search Results !

പ്ലസ് ടു വിദ്യാര്‍ഥിയുടെ ശല്യം, ടീച്ചര്‍ സ്കൂള്‍ മാറിപ്പോയിട്ടും വിട്ടില്ല; തനിക്ക് വഴങ്ങാതെ വന്നതോടെ ചുണ്ടുകള്‍ അറുത്ത് വിദ്യാര്‍ഥി

ഉത്തർപ്രദേശിലെ മെയിൻപുരിയില്‍ അധ്യാപികയെ പിന്തുടർന്ന് ശല്യം ചെയ്ത് ആക്രമിച്ച്‌ പ്ലസ് ടു വിദ്യാർഥി. തൻ്റെ ആവശ്യങ്ങള്‍ക്ക് വഴങ്ങാതെ വന്നതോടെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച്‌ അധ്യാപികയുടെ ചുണ്ട് മുറിക്കുകയും മുഖത്ത് ആക്രമിക്കുകയുമായിരുന്നു.പതിനേഴുകാരനാണ് ക്രൂരകൃത്യത്തിന് പിന്നില്‍. ജനുവരി 20ന് ആണ് കൃത്യം നടന്നത്. 25കാരിയായ അധ്യാപികയ്ക്കാണ് പരിക്കേറ്റത്.

വിദ്യാർഥിയുടെ മോശം പെരുമാറ്റം ചോദ്യം ചെയ്തതാണ് അതിക്രമത്തിന് കാരണം. അധ്യാപികയുടെ രണ്ട് ചുണ്ടുകളും പതിനേഴുകാരൻ മുറിച്ച്‌ മാറ്റിയെന്നാണ് പോലീസ് നല്‍കുന്ന വിവരം. സംഭവത്തില്‍ വിദ്യാർഥിക്കെതിരെ പോലീസ് കേസെടുത്തു. ഒളിവില്‍ പോയ പ്രതിയെ പിടികൂടാൻ അന്വേഷണം ഊർജ്ജിതപ്പെടുത്തിയതായി കോട്‌വാലി സ്റ്റേഷൻ ഹൗസ് ഓഫീസർ ഫത്തേ ബഹാദൂർ സിങ് പറഞ്ഞു.

നേരത്തെ ആഗ്ര റോഡിലെ ഒരു സ്വകാര്യ സ്കൂളില്‍ ജോലി ചെയ്തിരുന്ന അധ്യാപികയെ ഇവിടെ പഠിച്ചിരുന്ന വിദ്യാർഥി നിരന്തരം ശല്യപ്പെടുത്തിയിരുന്നതായി അധ്യാപികയുടെ സഹോദരൻ പറഞ്ഞു. പലതവണ ശാസിച്ചിട്ടും ശല്യം തുടർന്നതോടെ സ്കൂളിലെ പാരൻ്റ്സ് യോഗത്തില്‍ വച്ച്‌ അധ്യാപിക ഇക്കാര്യം വിദ്യാർഥിയുടെ അമ്മയോട് പറഞ്ഞിരുന്നു.

കുട്ടിയുടെ പെരുമാറ്റം ശരിയല്ലെന്നും നിയന്ത്രിക്കണമെന്നും ടീച്ചർ ആവശ്യപ്പെട്ടു. ഇനി ഇത്തരം പ്രവൃത്തി തൻ്റെ മകന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകില്ലെന്ന് അമ്മ ഉറപ്പ് നല്‍കുകയും ചെയ്തു. പക്ഷേ വിദ്യാർഥി ശല്യം ചെയ്യുന്നത് തുടർന്നു. വഴിയില്‍ തടഞ്ഞു നിർത്തുകയും അസഭ്യം പറയുകയും ചെയ്തതോടെ വിദ്യാർഥിയുടെ പെരുമാറ്റത്തില്‍ മനംനൊന്ത് അധ്യാപിക ജോലി രാജിവച്ച്‌ മറ്റൊരു സ്കൂളിലേക്ക് മാറി.

എന്നാല്‍ ടീച്ചറുടെ പുതിയ ജോലിസ്ഥലം കണ്ടെത്തിയ 17 കാരൻ പിന്തുടരുന്നത് തുടരുകയായിരുന്നു. അധ്യാപികയോട് ലൈംഗിക താല്‍പ്പര്യത്തോടെ പ്രതി സമീപിച്ചെന്നാണ് റിപ്പോർട്ടുകള്‍. അധ്യാപികയോട് ലൈംഗിക ബന്ധത്തിന് വഴങ്ങണമെന്ന് ആവശ്യപ്പെട്ടു. വിസമ്മതിച്ചതോടെ ചുംബിക്കാൻ ശ്രമിക്കുകയും. മൂർച്ചയുള്ള ആയുധം ഉപോഗിച്ച്‌ മുഖത്തും ചുണ്ടിനും ആക്രമിക്കുകയുമായിരുന്നു. സംഭവത്തിന് ശേഷം പ്രതി അവിടെ നിന്ന് ഓടിരക്ഷപ്പെട്ടു. അധ്യാപിക ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അധ്യാപികയും വിദ്യാർഥിയും നടന്നു പോകുന്നതും പിന്നാലെ തർക്കമുണ്ടാകുന്നതും വിഡിയോയില്‍ വ്യക്തമാണ്. ജനുവരി 20ന് വൈകീട്ട് 5:30 ഓടെയാണ് അതിക്രമമുണ്ടായതെന്ന് വീഡിയോയില്‍ നിന്ന് വ്യക്തമാണ്. 1.5 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അധ്യാപികയെ ബലമായി തടഞ്ഞുനിർത്തി ചുംബിക്കാൻ ശ്രമിക്കുന്നതും തുടർന്ന് പിന്തുടര്‍ന്ന് കഴുത്തില്‍ പിടിച്ചു വലിച്ചിഴയ്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ടീച്ചർ ചെറുത്തുനിന്നപ്പോള്‍, ബ്ലേഡ് പോലുള്ള ആയുധം ഉപയോഗിച്ച്‌ മുഖത്ത് ആക്രമിക്കുകയും ചുണ്ടിൻ്റെ മുകളിലും താഴെയുമായി ആഴത്തിലുള്ള മുറിവുകള്‍ വരുത്തുകയും ചെയ്തു. ആളുകള്‍ ഓടിക്കൂടുമ്പോഴേക്ക് പ്രതി ഓടി രക്ഷപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്. ടീച്ചറുടെ സഹോദരൻ്റെ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.