Type Here to Get Search Results !

റോഡിലൂടെ നല്ല സ്പീഡില്‍ കുതിച്ച്‌ പാഞ്ഞു; പെട്ടെന്ന് ബൈക്കുമായി കൂട്ടിയിടിച്ച്‌ ഉഗ്ര ശബ്ദം; കുവൈറ്റില്‍ ഒട്ടകം ദേഹത്തേക്ക് വീണ് പ്രവാസിക്ക് ദാരുണാന്ത്യം; ഒരാള്‍ക്ക് ഗുരുതര പരിക്ക്

കുവൈത്തിലെ ഫലാഹ് റോഡില്‍ മോട്ടോർ സൈക്കിള്‍ ഒട്ടകവുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് ഒട്ടകം ദേഹത്തേക്ക് വീണ് ഒരു പ്രവാസി മരിച്ചു.ബുധനാഴ്ച രാവിലെ 8:30 ഓടെ നടന്ന അപകടത്തില്‍ മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന മോട്ടോർ സൈക്കിള്‍ ഒട്ടകവുമായി കൂട്ടിയിടിക്കുകയും, ഇടിയുടെ ആഘാതത്തില്‍ ഒട്ടകം സമീപത്തുണ്ടായിരുന്ന മൂന്ന് പ്രവാസികളുടെ മുകളിലേക്ക് വീഴുകയുമായിരുന്നു. ഒട്ടകം ദേഹത്തേക്ക് വീണതിനെ തുടർന്നാണ് ഒരു പ്രവാസി സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചത്. മരണപ്പെട്ടയാളുടെ പേരോ മറ്റ് വിവരങ്ങളോ ലഭ്യമായിട്ടില്ല.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടാമത്തെയാള്‍ക്ക് ശരീരത്തില്‍ ഒന്നിലധികം ഒടിവുകളും ആന്തരിക രക്തസ്രാവവും സംഭവിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ സബാഹ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. മൂന്നാമത്തെയാള്‍ക്ക് പരിക്കുകളൊന്നുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെടാൻ സാധിച്ചു.

മോട്ടോർ സൈക്കിള്‍ ഇടിച്ചതിനെത്തുടർന്നാണ് ഒട്ടകം പ്രവാസികളുടെ മേലേക്ക് വീണതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. അബ്ദാലി ക്ലിനിക്കില്‍ നിന്നുള്ള വിവരമനുസരിച്ച്‌ ഖശാനിയ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിച്ച ഒരു ബംഗ്ലാദേശി പൗരന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

സംഭവത്തില്‍ ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടറുടെ നിർദ്ദേശപ്രകാരം വിശദമായ അന്വേഷണം നടന്നുവരികയാണ്. മരുഭൂമി മേഖലകളിലെ റോഡുകളില്‍ ഒട്ടകങ്ങള്‍ കുറുകെ വരാൻ സാധ്യതയുള്ളതിനാല്‍ വാഹനയാത്രക്കാർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കി.