Type Here to Get Search Results !

'ഫോണ്‍ കോളുകളും മെസേജുകളും അവഗണിച്ചു, നമ്ബര്‍ ബ്ലോക്ക് ചെയ്തു': യുവാവിനെ കുത്തിക്കൊന്ന് യുവതി

മൊബൈല്‍ ഫോണില്‍ ബ്ലോക്ക് ചെയ്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്ന് യുവതി.ഛത്തീസ്ഗഢിലെ ബിലാസ്പൂരില്‍ ചൊവ്വാഴ്ച്ച ഉച്ചയോടെയായിരുന്നു സംഭവം. 25-കാരനായ കാംത പ്രസാദ് സൂര്യവംശിയാണ് കൊല്ലപ്പെട്ടത്. റോഷ്‌നി സൂര്യവംശി എന്ന 22-കാരിയാണ് യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയത്. കാംത പ്രസാദ് ഒരു ഹോട്ടലിലെ ജീവനക്കാരനായിരുന്നു. ഇയാള്‍ റോഷ്‌നിയെ ആറുമാസം മുന്‍പ് ഇന്‍സ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടത്. ഇരുവരും പിന്നീട് പ്രണയത്തിലായി. എന്നാല്‍ പിന്നീട് കാംത റോഷ്‌നിയുടെ ഫോണ്‍ കോളുകളും മെസേജുകളും അവഗണിക്കാന്‍ തുടങ്ങിയതാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്.

രണ്ടുദിവസം മുന്‍പ് ഇയാള്‍ യുവതിയുടെ നമ്ബര്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തു. ഇതോടെ കാംത മറ്റേതെങ്കിലും യുവതിയുമായി അടുത്തിരിക്കാമെന്ന സംശയം ബലപ്പെട്ട യുവതി യുവാവിന്‍റെ താമസ സ്ഥലമായ വാടക വീട്ടിലേക്ക് നേരിട്ട് എത്തുകയായിരുന്നു. കത്തിയും കൈവശംവച്ചായിരുന്നു യുവതി കാംതയെ കാണാന്‍ എത്തിയത്.

വാതില്‍ തുറന്നയുടന്‍ യുവതി കാമുകന്‍റെ മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടു. തരാനാവില്ലെന്ന് യുവാവ് പറഞ്ഞതോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പ്രകോപിതയായ യുവതി യുവാവിന്റെ നെഞ്ചില്‍ കത്തി കുത്തിയിറക്കുകയായിരുന്നു. ശബ്ദം കേട്ട് കാംതയുടെ കൂടെ താമസിക്കുന്ന സുഹൃത്ത് എത്തിയപ്പോഴാണ് യുവാവ് കുത്തേറ്റ് നിലത്തുവീണ് കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.