വീട്ടുകാർ മൊബൈല്‍ ഫോണ്‍ വാങ്ങിവെച്ചതിനെ തുടർന്ന് മലപ്പുറം വാഴക്കാട് സ്വദേശിയായ 21കാരനെ കാണാനില്ലെന്ന് പരാതി.
ബി.ഫാം വിദ്യാർഥിയായ അൻഷിദിനെയാണ് കാണാതായിരിക്കുന്നത്. കാണാതാകുന്ന സമയത്ത് നീല ടീഷർട്ടും കറുത്ത പാന്റുമാണ് ഇയാള്‍ ധരിച്ചിരുന്നത്.
വീട്ടില്‍ നിന്ന് സ്കൂട്ടറുമായി ഇറങ്ങിയ അൻഷിദ്, കൊണ്ടോട്ടിയിലെ പാർക്കിങ് ഏരിയയില്‍ വാഹനം നിർത്തിയിട്ട ശേഷം രാത്രി എട്ടരയോടെ കോഴിക്കോട്ടേക്ക് ബസ് കയറിപ്പോവുകയായിരുന്നു. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. കോഴിക്കോട് എത്തിയ ശേഷം ട്രെയിനിലോ ബസ്സിലോ കയറി പോയിട്ടുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനം.
കയ്യില്‍ ഫോണ്‍ ഇല്ലാത്തതിനാല്‍ സൈബർ സെല്ലിന് അൻഷിദിനെ കൃത്യമായി ട്രാക്ക് ചെയ്യാൻ സാധിച്ചിട്ടില്ല. പണം പിൻവലിക്കുകയാണെങ്കില്‍ ലൊക്കേഷൻ മനസ്സിലാക്കാൻ പൊലീസിന്റെ നിർദേശപ്രകാരം ബന്ധുക്കള്‍ ബാങ്ക് അക്കൗണ്ടില്‍ പണം ഇട്ടു നല്‍കിയെങ്കിലും ഇതുവരെ പിൻവലിച്ചിട്ടില്ല. പുതിയ സിം കാർഡ് എടുക്കാനുള്ള സാധ്യത മുന്നില്‍ കണ്ടും പൊലീസ് പരിശോധന നടത്തുന്നുണ്ട്.
