കോവളത്ത് ലൈംഗിക ചൂഷണത്തിന് ഇരയായ പതിനാറുകാരി നേരിട്ടത് അതിക്രൂര പീഡനം. ലൈംഗിക ചൂഷണത്തിന് സമ്മതിക്കാതിരുന്നതോടെ ബന്ധുക്കളായ പ്രതികള്‍ തീവച്ച് പൊള്ളിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തു.
ഒരു ദിവസം സ്പായില്‍ വച്ച് പീഡിപ്പിച്ചത് പതിനഞ്ചോളം പേരെന്നും പെണ്‍കുട്ടിയുടെ മൊഴി. കോവളത്തെ രണ്ട് സ്പാകളിലെ സിസിടിവി ദൃശ്യങ്ങളും, സ്പായില്‍ എത്തിയവരുടെ പേരുളള രജിസ്റ്റർ ബുക്കും പ്രതികള്‍ ഒളിപ്പിച്ചെന്നാണ് സൂചന. ദക്ഷിണ മേഖല ഐജി ആര്‍. നിശാന്തിനിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
അതേസമയം, നടന്നത് മനുഷ്യക്കടത്ത് എന്നാണ് പൊലീസിൻ്റെ സ്ഥിരീകരണം. പ്രതികളുടെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം പരാമർശിക്കുന്നത്. പ്രതികള്‍ക്കെതിരെ മനുഷ്യകടത്തിനുള്ള വകുപ്പും പൊലീസ് ചുമത്തിയിട്ടുണ്ട്. ജുവനയില്‍ ജസ്റ്റിസ് ആക്‌ട്, പോക്സോ, ബലാത്സംഘം, തുടങ്ങിയവകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തി.
കേസുമായി ബന്ധപ്പെട്ട് ആലപ്പുഴ സ്വദേശി സജിത്, പൂവാര്‍ സ്വദേശി നിശാന്ത് എന്നിവരെ കോവളം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടിയെ സ്പായില്‍ വിറ്റ മാതൃസഹോദരിയുടെയും അവരുടെ ഭർത്താവിൻ്റെയും അറസ്റ്റും പൊലീസ് രേഖപ്പെടുത്തിരുന്നു. ന്യൂസ് മലയാളം വാർത്തയില്‍ ബാലാവകാശ കമ്മിഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. ചെന്നൈയില്‍ ഉള്‍പ്പെടെ പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് സ്ഥിരീകരിച്ചതോടെ കോവളം പൊലീസ് മറ്റൊരു സീറോ എഫ്‌ഐആർ കൂടി രജിസ്റ്റർ ചെയ്തു. കേസ് ചെന്നൈ ഗുഡുവാഞ്ചേരി പൊലീസിന് കൈമാറിയിട്ടുണ്ട്. പെണ്‍കുട്ടിയെ ചൂഷണത്തിന് ഉപയോഗിച്ച രണ്ട് സ്പാകളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. ദൃശ്യങ്ങള്‍ പരിശോധിച്ച് ഇടപാടുകാരെ കണ്ടെത്താനാണ് പൊലീസ് നീക്കം.
