സിറ്റി ഏനുദ്ദീൻ കുട്ടി ഹാജിക്ക് തിരൂരിന്റെ യാത്രാമൊഴി
തിരൂർ: കഴിഞ്ഞ ദിവസം വിടപറഞ്ഞ തിരൂരിന്റെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ പ്രവർത്തന രംഗത്തെ നിറസാന്നിധ്യമായിരുന്ന സിറ്റി ഏനുദ്ദീൻ കുട്ടി ഹാജിക്ക് തിരൂർ നഗരത്തിൻ്റെ യാത്രാമൊഴി.
സൗഹൃദവേദി തിരൂർ പൂങ്ങോട്ടുകുളം ഡോക്ടേഴ്സ് ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിലാണ് ആത്മസുഹൃത്തുക്കൾ ഓർമ്മകൾ പങ്കുവെച്ചത്.
സൗഹൃദങ്ങൾക്ക് അങ്ങേയറ്റം വിലകൽപ്പിക്കുകയും യാത്രകളിൽ നർമ്മഭാഷണം കൊണ്ട് കൂടെയുള്ളവരുടെ മനസ്സ് കീഴടക്കുകയും ചെയ്ത വലിയ മനുഷ്യനായിരുന്നു അദ്ദേഹം എന്ന് സുഹൃത്തുക്കൾ ഓർത്തെടുത്തു. മത സാമൂഹ്യ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏറെ മുന്നേറാനും ഹാജിക്ക് സാധിച്ചിരുന്നു. ഒരിക്കൽ ഇടപെട്ടവർക്കൊക്കെ നല്ല ഓർമ്മകൾ മാത്രം ബാക്കി വെച്ചാണ് അദ്ദേഹം കടന്നു പോയിട്ടുള്ളത്. സമൂഹത്തിലെ എല്ലാവരോടും സൗഹൃദം പുലർത്താൻ എല്ലാകാലത്തും അദ്ദേഹത്തിന് സാധിച്ചിരുന്നു അഹങ്കാരമോ പൊങ്ങച്ചമോ കുടുംബമഹിമയോ പെരുമാറ്റത്തിൽ പ്രകടിപ്പിച്ചിരുന്നില്ല എല്ലാവരെക്കൊണ്ടും നല്ലത് മാത്രം പറയിപ്പിക്കാൻ സാധിച്ചു എന്നതാണ് അദ്ദേഹത്തിൻ്റെ വലിപ്പം സുഹൃത്തുക്കൾ ഓർത്തെടുത്തു.
സൗഹൃദവേദി തിരൂർ പ്രസിഡണ്ട് കെപിഒ റഹ്മത്തുള്ള അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ കെ റസാക്ക് ഹാജി, അഡ്വക്കറ്റ് എം കെ മൂസക്കുട്ടി, ഡോ : കെ നൗഷാദ്, ഡോ :അബ്ദുറഹിമാൻ സവേര, ഡോ : ഹസ്സൻ ബാബു, അഡ്വക്കറ്റ് വിക്രം കുമാർ, ഗായഗൻ ഫിറോസ് ബാബു, കൂടാത്ത് മുഹമ്മദ് കുട്ടി ഹാജി, ഷമീർ കളത്തിങ്ങൽ, സമദ് കിണറ്റിങ്ങൽ, ഡോ : ഷാനവാസ് പറവണ്ണ, ആദം കൈനിക്കര, ഭാസി തിരൂർ, ഡോ : എപിഎ റഹ്‌മാൻ, പ്രദീപ് പയ്യോളി, രവി പള്ളിയേരി, ഗഫൂർ മാസ്റ്റർ, കരീം മേച്ചേരി, ഹമീദ് കൈനിക്കര, സിദ്ദീഖ് ഹാജി തറമ്മൽ, ആരിഫ് ഷെറിഷ്, ഹുസ്സെൻകവിത, വി കെ യൂസുഫ്, അബൂബക്കർ വള്ളിക്കാഞ്ഞിരം, എംകെ ഷുക്കൂർ എന്നിവർ സംസാരിച്ചു.
