Type Here to Get Search Results !

കെഎസ്‌ആര്‍ടിസി ബസില്‍ കഞ്ചാവ് കടത്ത്; 15 പായ്ക്കറ്റുകളിലായി 30 കിലോ, വന്‍ ലഹരിമാഫിയ സംഘത്തിലെ കണ്ണി പിടിയില്‍


കല്‍പ്പെറ്റ: വയനാട് തോല്‍പ്പെട്ടി ചെക്ക്പോസ്റ്റില്‍ വന്‍ കഞ്ചാവ് വേട്ട. കേരളത്തിലേക്ക് കെഎസ്‌ആര്‍ടിസി ബസില്‍ കടത്തുകയായിരുന്ന 30 കിലോ കഞ്ചാവ് പിടികൂടി.
കഞ്ചാവുമായെത്തിയ കോഴിക്കോട് മാവൂര്‍ പടാരുകുളങ്ങര സ്വദേശി രാജീവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ തോല്‍പ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. 

മൈസൂരില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന കെഎസ്‌ആര്‍ടിസി ബസിലെ യാത്രക്കാരനില്‍ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. കോഴിക്കോട് മാവൂര്‍ സ്വദേശി രാജീവ് 30 കിലോ കഞ്ചാവ് 15 പാക്കറ്റുകളിലാക്കി ബാഗില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. ആന്ധ്രയില്‍ നിന്നാണ് ഇയാള്‍ കഞ്ചാവ് കൊണ്ടുവന്നത്. കേരളത്തിന്‍റെ വിവിധയിടങ്ങളില്‍ വില്‍പ്പനക്കെത്തിച്ച മയക്കുമരുന്നാണിതെന്നാണ് വിവരം. പ്രതി രാജീവിനെ എക്സൈസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. 

കഞ്ചാവുമായി പിടിയിലായ രാജീവന് വന്‍ ലഹരിമാഫിയ സംഘത്തിന്‍റെ പിന്തുണയുണ്ടെന്നാണ് സൂചന. മുന്‍പും ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് രാജീവന്‍ കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്റ്റേറ്റ് എക്സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ ടി. അനികുമാറിന്‍റെ നേതൃത്വത്തിലാണ് സംഘമാണ് പ്രതിയെ പിടികൂടിയത്. സമീപകാലത്തെ വയനാട്ടിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. മാനന്തവാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.