Type Here to Get Search Results !

കേരളത്തിലെ ആശുപത്രികളില്‍ നഴ്‌സുമാര്‍ക്ക് മൂന്ന് ഷിഫ്റ്റ് സമ്പ്രദായം നിര്‍ബന്ധമാക്കുന്നു; ആഴ്ചയിലെ മൊത്തം ജോലിസമയം 48 മണിക്കൂറായി നിശ്ചയിക്കണമെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം

സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും നഴ്‌സുമാർക്ക് മൂന്ന് ഷിഫ്റ്റ് സമ്പ്രദായം നിർബന്ധമാക്കാൻ ആരോഗ്യവകുപ്പ് നിർദേശം നല്‍കി.യുവജനക്ഷേമവും യുവജനകാര്യവും സംബന്ധിച്ച നിയമസഭാസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ഗ്രാമീണമേഖലകളില്‍ വാഹന സൗകര്യങ്ങളുടെ അപര്യാപ്തത കൂടി കണക്കിലെടുത്താണ് പുതിയ നിർദ്ദേശം.

പുതിയ ക്രമീകരണം പ്രകാരം, രാത്രി ഷിഫ്റ്റ് വൈകിട്ട് ആറു മുതല്‍ രാവിലെ ആറു വരെയായിരിക്കും. പകല്‍ ഷിഫ്റ്റുകള്‍ എട്ട് മണിക്കൂർ വീതം ക്രമീകരിക്കണമെന്നും ആഴ്ചയിലെ മൊത്തം ജോലിസമയം 48 മണിക്കൂറായി നിശ്ചയിക്കണമെന്നും നിർദേശത്തില്‍ പറയുന്നു.

നഴ്‌സുമാരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിന് നിരവധി നിർദേശങ്ങളും ആരോഗ്യവകുപ്പ് മുന്നോട്ടുവെച്ചിട്ടുണ്ട്. ഒരു ദിവസത്തില്‍ അധികമായി ചെയ്യാവുന്ന ജോലിസമയം പരമാവധി മൂന്ന് മണിക്കൂറായി പരിമിതപ്പെടുത്തുകയും, അതിന് ഓവർടൈം വേതനം അല്ലെങ്കില്‍ പകരം അവധി നല്‍കുകയും വേണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, 50 വയസ് കഴിഞ്ഞ നഴ്‌സുമാരെ രാത്രി ഷിഫ്റ്റുകളില്‍ നിന്ന് ഒഴിവാക്കണമെന്നും, അവരുടെ ശാരീരിക ശേഷി പരിഗണിച്ചുള്ള ജോലിക്രമീകരണങ്ങള്‍ നടത്തണമെന്നും നിർദേശമുണ്ട്. ഗ്രാമീണമേഖലകളിലെ യാത്രാസൗകര്യങ്ങളുടെ അഭാവം കണക്കിലെടുത്ത്, നഴ്‌സുമാർക്കായി വാഹനസൗകര്യമോ ഹോസ്റ്റല്‍ സൗകര്യമോ ആശുപത്രികള്‍ ഒരുക്കണമെന്നും നിർബന്ധമാക്കിയിട്ടുണ്ട്.

കൂടാതെ, ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ സമരം നടത്തുന്ന ജീവനക്കാരോട് പ്രതികാര മനോഭാവം സ്വീകരിക്കരുതെന്നും, അവരുടെ ന്യായമായ ആവശ്യങ്ങള്‍ നിഷേധിക്കാൻ പാടില്ലെന്നും നിർദേശത്തില്‍ വ്യക്തമാക്കുന്നു. സർക്കാർ നിർദേശങ്ങള്‍ പാലിക്കാത്ത ആശുപത്രികള്‍ക്കെതിരെ കർശന നടപടികള്‍ സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.