Type Here to Get Search Results !

താഴെപ്പാലത്തെ പുതിയ പാലം ഉദ്ഘാടനം ഇന്ന്


താഴെപ്പാലം പുതിയ പാലത്തിന്റെ ഉദ്ഘാടനം ഇന്നുച്ചയ്ക്ക് മൂന്നരയ്ക്ക് മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിക്കും.തിരൂര്‍ താഴെപാലത്ത് നിലവിലുള്ള പാലത്തിനു സമാന്തരമായാണ് പുതിയ പാലം നിര്‍മ്മിച്ചിട്ടുള്ളത്.

കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. മന്ത്രി വി.അബ്ദുറഹ്മാന്‍ മുഖ്യാതിഥിയാവും.
ചമ്രവട്ടം പാലം ഗതാഗതയോഗ്യമായ ശേഷം തിരൂര്‍ ടൗണില്‍ അനുഭവപ്പെടുന്ന അധിക ഗതാഗതത്തെ ഉള്‍ക്കൊള്ളാനാണ് പുതിയ പാലവും അനുബന്ധ റോഡും നിര്‍മ്മിച്ചത്. 61 മീറ്റര്‍ നീളവും 11.05 മീറ്റര്‍ വീതിയുമാണ് പാലത്തിനുള്ളത്. താനൂര്‍ ഭാഗത്തേക്ക് 125 മീറ്റര്‍ നീളത്തിലും താഴെപാലം ഭാഗത്ത് 25 മീറ്റര്‍ നീളത്തിലുമാണ് അപ്രോച്ച്‌ റോഡ് നിര്‍മ്മിച്ചിട്ടുള്ളത്.

തിരൂര്‍ റെയില്‍വെ ഓവര്‍ബ്രിഡ്ജ് സമാന്തര അപ്രോച്ച്‌ റോഡ് നിര്‍മ്മാണം ഏപ്രില്‍ 30 നകം പൂര്‍ത്തിയാവുമെന്ന് കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ പറഞ്ഞു. മണ്ഡലത്തിലെ പൊതുമരാമത്ത്,വാട്ടര്‍ അതോറിറ്റി വകുപ്പുദ്യോഗസ്ഥന്‍മാരുടെ അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടര്‍നടക്കാവ് കുട്ടികളത്താണി വരെയുള്ള റോഡിന്റെ ടാറിംഗ് ഏപ്രില്‍ 30 നകം പൂര്‍ത്തിയാവുമെന്നും എം.എല്‍.എ പറഞ്ഞു.

Tags