പുറംലോകമറിയാന്‍ ജനങ്ങള്‍ വഴിയൊരുക്കിയതിനാല്‍ ശാസ്ത്രജ്ഞര്‍ പുതിയ മത്സ്യത്തിന് ‘പൊതുജനം’ എന്ന് പേരിട്ടു.
പൊതുജന സഹകരണം ഇല്ലായിരുന്നുവെങ്കില്‍, അത്തരമൊരു ഭൂഗര്‍ഭ മത്സ്യം ഉണ്ടെന്ന് അറിയുമായിരുന്നില്ല. കേരളത്തിലെ ശാസ്ത്രീയ അവബോധത്തിന്‍റെ പ്രതീകമായി ഇത് ഇനി ജന്തുശാസ്ത്രലോകത്ത് അറിയപ്പെടും. 2020 ഡിസംബര്‍ ഒന്നിന് മല്ലപ്പള്ളി ചരിവുപുരയിടത്തില്‍ പ്രദീപ് തമ്ബിയുടെ കിണറ്റില്‍ നിന്നാണ് മത്സ്യത്തെ കണ്ടെത്തിയത്. ഗവേഷകര്‍ ഇതിന് ഹോറാഗ്ലാനിസ് പോപ്പുലി എന്നാണ് പേരിട്ടത്. പോപ്പുലി എന്ന വാക്കിന് ലാറ്റിന്‍ ഭാഷയില്‍ ജനങ്ങള്‍ എന്നാണര്‍ഥം.
കിണറ്റില്‍ നിന്ന് മോട്ടോറിലൂടെ ടാങ്കിലെത്തി പൈപ്പിലൂടെ വന്ന ചെറിയ ജീവിയെ കണ്ട് ഉണ്ടായ ജിജ്ഞാസയാണ് കണ്ടെത്തലിലേക്ക് നയിച്ചത്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് ഫിഷറീസ് സര്‍വകലാശാലയിലെ (കുഫോസ്) ശാസ്ത്രജ്ഞര്‍ സംഭവം അറിയുന്നത്.
രാജീവ് രാഘവന്‍, രമ്യ എല്‍ സുന്ദര്‍, ശിവ് നാടാര്‍, ന്യൂഡല്‍ഹിയിലെ ശിവ നാടാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എമിനെന്‍സിലെ ഡോ. നീലേഷ് ദഹാനുകര്‍, ജര്‍മനിയിലെ സെങ്കന്‍ ബെര്‍ഗ് നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ ഡോ. റാള്‍ഫ് ബ്രിറ്റ്സ്, സി.പി. അര്‍ജുന്‍ എന്നിവര്‍ നടത്തിയ കൂട്ടായ ഗവേഷണമാണ് ഇത് ഒരു പുതിയ ഭൂഗര്‍ഭ മത്സ്യമാണെന്ന് ആധികാരികമായി സ്ഥിരീകരിച്ചത്. വെര്‍ട്ടെര്‍ബേറ്റ് സുവോളജി എന്ന അന്താരാഷ്ട്ര ജേണലിലാണ് ഇവരുടെ ഗവേഷണഫലങ്ങള്‍ പ്രസിദ്ധീകരിച്ചത്.
